തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇന്നും ശക്തമാകും. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് തീവ്രമഴക്ക് സാധ്യത. തിരുവനന്തപുരം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
രണ്ടോ മൂന്നോ ദിവസത്തിനകം കാലവർഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവിൽ തെക്കൻ തമിഴ്നാട് തീരത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളമടക്കം രാജ്യത്ത് ഈ കാലവർഷത്തിൽ സാധാരണയിലും കൂടുതൽ മഴ പെയ്യുമെന്നാണ് പ്രവചനം. ദീർഘകാല ശരാശരിയുടെ 106 ശതമാനം വരെ മഴ ലഭിക്കാനാണ് സാധ്യത.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കെഎസ്ഇബിക്ക് വൻ നാശനഷ്ടമുണ്ടായി. പോസ്റ്റുകളും വിതരണ ലൈനുകളും തകർന്ന് 48 കോടിയിലേറെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ആലപ്പുഴ ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി ആരംഭിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറുപേർ മരിച്ചു. രണ്ടുപേരെ കാണാതായി.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്






































