വാഷിങ്ടൻ: വെനസ്വേലയിൽ ബോംബാക്രമണം നടത്തിയതിന് പിന്നാലെ, യുഎസ് കസ്‌റ്റഡിയിലെടുത്ത പ്രസിഡണ്ട് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ളോർസിനെയും ന്യൂയോർക്കിലേക്ക് കൊണ്ടുവരികയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത് ടെലിവിഷൻ ഷോ കാണുന്നത് പോലെയാണ് രാത്രിയിൽ താൻ കണ്ടതെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിലെ സൈനിക നടപടിക്കായി കാലാവസ്‌ഥ മെച്ചപ്പെടുന്നതിന് നാല് ദിവസം കാത്തിരുന്നതായി ട്രംപ് വെളിപ്പെടുത്തി. മഡുറോയെ പിടികൂടിയ യുഎസ് സൈന്യത്തിൽ ചിലർക്ക് പരിക്കുകൾ സംഭവിച്ചെന്നും മരണം ഉണ്ടായിട്ടില്ലെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
ഇതിനിടെ, വെനസ്വേലൻ വൈസ് പ്രസിഡണ്ട് ഡെൽസി റോഡ്രിഗസ് റഷ്യയിലെത്തി ചർച്ചകൾ നടത്തി. പ്രാദേശിക സമയം ശനിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് തലസ്‌ഥാനമായ കാരക്കാസിൽ ഉൾപ്പടെ ഏഴിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നത്. പിന്നാലെ പ്രസിഡണ്ട് നിക്കോളാസ് മഡുറോ രാജ്യത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു.
ഇതിനുശേഷമാണ് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം കസ്‌റ്റഡിയിൽ എടുത്തെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. സൈനിക നടപടികളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും യുഎസ് സൈന്യത്തിലെ തീവ്രവാദ വിരുദ്ധ വിഭാഗമായ ഡെൽറ്റ ഫോഴ്‌സാണ് ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
Most Read| കേരളത്തിനും വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ; മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത







































