കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ട് കേസിലും ജാമ്യം ലഭിച്ചതോടെ പോറ്റി ജയിൽ മോചിതനാകും.
അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ നിയമപരമായി അർഹതപ്പെട്ട സ്വാഭാവിക ജാമ്യമാണ് പോറ്റിക്ക് രണ്ടു കേസിലും ലഭിച്ചത്. രണ്ടുലക്ഷം രൂപ വീതമുള്ള രണ്ട് ആൾജാമ്യം, ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കേരളത്തിന് പുറത്ത് പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
ആദ്യം അറസ്‌റ്റിലായ ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം അപഹരിച്ച കേസിൽ പോറ്റിക്ക് ജനുവരി 21ന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസിൽ തിങ്കളാഴ്‌ചയാണ് ജാമ്യഹരജി പരിഗണിച്ചത്. തുടർന്ന് വിധിക്കായി മാറ്റുകയായിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായി ജാമ്യം ലഭിക്കുന്ന നാലാമത്തെ പ്രതിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി.
മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവർക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 43ആം ദിവസം കോടതി ജാമ്യം നൽകിയിരുന്നു. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്‌ഠരര് രാജീവരെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്‌തു. ഈമാസം 19 വരെയാണ് നീട്ടിയത്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































