ഇന്ത്യക്ക് ചുമത്തിയ 25% അധിക തീരുവ ഒഴിവാക്കി യുഎസ്; വ്യാപാര കരാറിന് രൂപരേഖയായി

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ പ്രതിജ്‌ഞാബദ്ധമാണെന്ന് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്.

By Senior Reporter, Malabar News
PM Modi and US President Donald Trump- India-US Trade Deal
നരേന്ദ്രമോദി, ഡൊണാൾഡ് ട്രംപ് (Image Courtesy: NDTV)
Ajwa Travels

വാഷിങ്ടൻ: ഒടുവിൽ ഇന്ത്യ-യുഎസ് താരിഫ് തർക്കം അവസാനിക്കുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ പിഴ ചുങ്കം എന്ന പേരിൽ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ അമേരിക്ക ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന്റെ ഭാഗമായിട്ടാണ് നടപടി. കരാറിന്റെ ഭാഗമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 25ൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. പിഴ ചുങ്കം അടക്കം ഇന്ത്യക്ക് 50 ശതമാനം തീരുവയായിരുന്നു ഉണ്ടായിരുന്നത്. അതാണിപ്പോൾ 18ലേക്ക് എത്തിയിരിക്കുന്നത്.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണം

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ പ്രതിജ്‌ഞാബദ്ധമാണെന്ന് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ”റഷ്യൻ ഫെഡറേഷനിൽ നിന്നുള്ള എണ്ണ നേരിട്ടോ പരോക്ഷമായോ ഇറക്കുമതി ചെയ്യുന്നത് നിർത്താൻ ഇന്ത്യ പ്രതിജ്‌ഞാബദ്ധമാണ്”- ഓർഡറിൽ പറയുന്നു.

അമേരിക്കയിൽ നിന്നുള്ള ഊർജ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് ഇന്ത്യ പറഞ്ഞിട്ടുണ്ടെന്നും ഉത്തരവിലുണ്ട്. കൂടാതെ, അടുത്ത പത്തുവർഷത്തേക്ക് പ്രതിരോധ സഹകരണം വികസിപ്പിക്കുന്നതിനായി അമേരിക്കയുമായി ഒരു ചട്ടക്കൂടിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അതിലുണ്ട്. ഇന്ന് പുലർച്ചെ മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു.

റഷ്യൻ എണ്ണ ഇറക്കുമതിയുടെ കാര്യത്തിലടക്കം യുഎസ് നിരീക്ഷണം തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യ റഷ്യൻ എണ്ണയുടെ നേരിട്ടുള്ളതോ നേരിട്ടല്ലാത്തതോ ആയ ഇറക്കുമതി പുനരാരംഭിക്കുകയാണെങ്കിൽ, അധിക താരിഫ് വീണ്ടും ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.

India-US Trade Deal 
Rep. Image (Photo Courtesy: Invest India)

ഇന്ത്യ- യുഎസ് വ്യാപാര കരാറിന് രൂപരേഖയായി

വ്യാപാരക്കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും സംയുക്‌ത പ്രസ്‌താവന പുറത്തിറക്കി. 50,000 കോടി ഡോളറിന്റെ (ഏകദേശം 45.28 ലക്ഷം കോടി രൂപ) ഉൽപ്പന്നങ്ങൾ യുഎസിൽ നിന്ന് ഇന്ത്യ വാങ്ങുമെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രസ്‌താവന. പരസ്‌പരം തീരുവ കുറയ്‌ക്കാനും സാമ്പത്തിക സഹകരണം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം.

അഞ്ച് വർഷത്തിനുള്ളിലാണ് 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ വാങ്ങേണ്ടത്. ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, കൽക്കരി, വിമാനങ്ങൾ, വിമാനഭാഗങ്ങൾ തുടങ്ങിയവയാണ് വാങ്ങേണ്ടത്. എഐ മേഖലയിലും ഡേറ്റ സെന്ററുകളിലും ഉപയോഗിക്കേണ്ട ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകളും വാങ്ങേണ്ടവയുടെ പട്ടികയിലുണ്ട്.

യുഎസിന്റ എല്ലാ വ്യാവസായിക ഉൽപ്പന്നങ്ങളുടെയും തീരുവ ഇന്ത്യ കുറയ്‌ക്കുകയോ പൂർണമായും ഇല്ലാതാക്കുകയോ വേണം. കൂടാതെ, ചില കാർഷിക-ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും ഇത്തരത്തിൽ കുറഞ്ഞ തീരുവ ലഭിക്കും. അതേസമയം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 18 ശതമാനം പകരത്തീരുവ ഈടാക്കും. തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, റബർ, ഓർഗാനിക് കെമിക്കലുകൾ, കരകൗശല ഉൽപ്പന്നങ്ങൾ, ചില യന്ത്രങ്ങൾ എന്നിവയ്‌ക്കാണ് തീരുവ.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE