തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നത് ഖേദകരമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വരവ്- ചിലവ് കണക്കിലെ പൊരുത്തക്കേടുകൾ വൻ വിവാദമായതിന് പിന്നാലെയാണ് വിശദീകരങ്ങൾ അക്കമിട്ട് നിരത്തി ദേവസ്വം ബോർഡ് രംഗത്തെത്തിയത്.
മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചിലവഴിച്ചു എന്ന പരാമർശം ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ ഇല്ല. അങ്ങനെ ഒരു വാർത്ത എങ്ങനെ പ്രചരിച്ചു എന്നത് അതിശയകരമാണെന്നും ബോർഡ് പറയുന്നു.
ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചിലവ് കണക്കുകൾ അന്തിമമായിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് വിശദീകരിക്കുന്നത്. നന്ദഗോവിന്ദം ഭജൻസിന്റെ തുക നൽകിയെന്നത് ഓഡിറ്റ് റിപ്പോർട്ടിലെ പിശകാണെന്ന് ദേവസ്വം ബോർഡ് പറയുന്നു. ഈ തുക പോയത് സംഗീതജ്ഞൻ ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്കാണ്. ആഗോള അയ്യപ്പ സംഗമത്തിന്റെ തുടക്കത്തിൽ ഒരു ഭജൻ അവതരിപ്പിക്കണമെന്ന നിർദ്ദേശം ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നന്ദഗോവിന്ദം ഭജൻസ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മറ്റു പരിപാടികൾ ഉണ്ടായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. തുടർന്ന് സംഗീതജ്ഞനായ ഇഷാൻ ദേവിനെ സമീപിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ 25-ലധികം കലാകാരൻമാരും പത്തിലധികം ടെക്നീഷ്യൻമാരും ഉൾപ്പടെ 35 പേർ പങ്കെടുത്ത മികച്ച സംഗീതാവിഷ്കാരമാണ് സംഘം അവതരിപ്പിച്ചത്.
വിവിധ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചിലവുകളും ഉൾപ്പെടുത്തി എട്ടുലക്ഷം രൂപയാണ് ചിലവായതെന്നും ദേവസ്വം ബോർഡ് വിശദീകരിക്കുന്നു. കണക്കുകൾ അന്തിമമായിട്ടില്ലെങ്കിലും ഇതുവരെ ലഭിച്ച സ്പോൺസർഷിപ്പ് തുക മൂന്നുകോടിയാണെന്നും, പ്രത്യേക അക്കൗണ്ടിൽ പലിശ ഉൾപ്പടെ 1,74,40,912 രൂപ അവശേഷിക്കുന്നുവെന്നും ദേവസ്വം ബോർഡ് കൂട്ടിച്ചേർത്തു.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം






































