പാലക്കാട്: മലബാർ ഡിസ്‌റ്റിലറീസിൽ പുതുതായി നിർമിക്കുന്ന മദ്യത്തിന് ‘മലബാർ മിസ്‌റ്ററി’ എന്ന് പേരിടുമെന്ന് സൂചന. ശനിയാഴ്‌ച മേനോൻപാറയിൽ നടക്കുന്ന പ്ളാന്റ് ഉൽഘാടന ചടങ്ങിൽ പ്രഖ്യാപനമുണ്ടാവും. രാവിലെ 10.30ന് എക്‌സൈസ് മന്ത്രി എംബി. രാജേഷാണ് പ്ളാന്റ് ഉൽഘാടനം ചെയ്യുന്നത്. മന്ത്രി കെ. കൃഷ്‌ണൻകുട്ടി അധ്യക്ഷനാകും.
ഇതിന് മുന്നോടിയായി മദ്യത്തിന്റെ എക്‌സൈസ് രജിസ്‌ട്രേഷനും ബ്രാൻഡ് രജിസ്‌ട്രേഷനും പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. അരലിറ്റർ വീതമുള്ള കുപ്പികളിലാവും തുടക്കത്തിൽ ഉൽപ്പാദനം. 400 രൂപയാകും നിരക്കെന്നും സൂചനയുണ്ട്.
‘എംഎം’ എന്ന ചുരുക്കപ്പേരിലുള്ള ബ്രാൻഡിയുടെ ബ്രാൻഡ് സ്‌റ്റിക്കറടക്കമുള്ള സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പ്ളാന്റ് പൂർണ സജ്‌ജമാകുന്നതോടെ ദിവസം 13,5000 കെയ്‌സ് ഉൽപ്പാദിപ്പിക്കാനാണ് നീക്കം. ഇതിനാവശ്യമായ സ്‌പിരിറ്റ് സംഭരിച്ചിട്ടുണ്ട്. ദിനംപ്രതി ഒരുലക്ഷം ലിറ്റർ വെള്ളം വേണ്ടിവരും. ഇത് മലമ്പുഴയിലെ ശുദ്ധജല പ്ളാന്റിൽ നിന്ന് ടാങ്കർ ലോറികളിൽ എത്തിക്കാൻ ജല അതോറിറ്റിയുമായി ധാരണയായെന്ന് അധികൃതർ പറയുന്നു.
മേനോൻപാറയിലെ പഴയ ഷുഗർ ഫാക്‌ടറി കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാണ് പ്ളാന്റ് നിർമിച്ചത്. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്‌ട്രക്ഷൻ കോർപറേഷനായിരുന്നു നിർമാണ ചുമതല. ഉൽപ്പാദിപ്പിക്കുന്ന മദ്യം ബിവറേജസ് കോർപറേഷൻ വിൽപ്പന ശാലകൾ വഴി വിപണിയിൽ എത്തിക്കും. ജവാന് ശേഷം സർക്കാർ പുറത്തിറക്കുന്ന മദ്യമാണിത്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം





































