ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ മിന്നലാക്രമണം നടത്തിയതായി പാക്കിസ്ഥാൻ. അഫ്ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്ന് പാക്ക് വാർത്താ വിതരണ മന്ത്രി അതൗല്ല തരാർ എക്സിൽ കുറിച്ചു.
പാക്ക് ആക്രമണത്തിൽ സാധാരണക്കാരായ 17 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഉണ്ടായ ചാവേറാക്രമണം ഉൾപ്പടെ നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകളാണെന്ന് പാക്കിസ്ഥാൻ ആരോപിച്ചിരുന്നു.
താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ തുടരുന്ന സംഘർഷം അടുത്തിടെ സൗദിയുടെ മധ്യസ്ഥതയിൽ അയവ് വന്നിരുന്നു. സംഘർഷത്തിൽ നിരവധി പാക്ക് സൈനികർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് പാക്കിസ്ഥാൻ സൈനികരെ വിട്ടയച്ചിരുന്നു. ദിവസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും പാക്കിസ്ഥാൻ-അഫ്ഗാൻ അതിർത്തിയിൽ ആക്രമണം നടത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം രാത്രിയിൽ പാക്ക് സൈന്യം, ഏഴ് ഭീകരവാദ കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും ആക്രമണം നടത്തിയെന്ന് പാക്ക് മന്ത്രി പറഞ്ഞു. എന്നാൽ, എവിടെയാണ് തങ്ങൾ ആക്രമണം നടത്തിയത് എന്ന കാര്യം പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം






































