ന്യൂഡെൽഹി: 50 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്‌ഥാന നേതൃത്വം സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി. 40 സീറ്റിൽ ഒറ്റപ്പേര് ഉറപ്പിച്ചപ്പോൾ, പത്ത് സീറ്റുകളിൽ ഒന്നിലധികം പേരും കൈമാറിയിട്ടുണ്ട്.
പാർട്ടി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയാണ് ഇതിൽ തീരുമാനം എടുക്കുക. സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്തായതോടെ പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി സ്‌ഥാനാർഥിയാവും.
ഇവിടെ മുതിർന്ന നേതാവ് കെ. മുരളീധരന്റെ പേരും നേതൃത്വം പരിഗണിച്ചെങ്കിലും പിഷാരടിയുടെ പേര് ഏറെക്കുറെ അന്തിമമാണ്. മുരളീധരൻ വട്ടിയൂർക്കാവിൽ മൽസരിക്കും. പാലക്കാട്, തൃപ്പൂണിത്തുറ ഒഴികെയുള്ള 20 സിറ്റിങ് സീറ്റുകളിൽ എംഎൽഎമാർ വീണ്ടും മൽസരിക്കും.
ഇതിന് പുറമെ ടിഎൻ. പ്രതാപൻ (മണലൂർ), വിടി. ബൽറാം (തൃത്താല), യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഒജെ. ജനീഷ് (കൊടുങ്ങല്ലൂർ), വിപി, സജീന്ദ്രൻ (കുന്നത്തുനാട്), ഐഷ പോറ്റി (കൊട്ടാരക്കര), കെ. പ്രവീൺ കുമാർ (കൊയിലാണ്ടി), കെ. ജയന്ത് (കോഴിക്കോട് നോർത്ത്), കെഎം. അഭിജിത്ത് (നാദാപുരം), വിദ്യ ബാലകൃഷ്‌ണൻ (എലത്തൂർ), കെഎ. തുളസി (കോങ്ങാട്) എന്നിവിടങ്ങളിൽ ഒറ്റപ്പേരായിട്ടുണ്ട്.
വൈക്കത്ത് സണ്ണി എം. കപിക്കാടിന്റെ പേര് പരിഗണനയിലുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സീറ്റുകളിലാണ് ഇനി തീരുമാനമാകാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ സംസ്‌ഥാന നേതാക്കൾ ചർച്ച നടത്തും. യുഡിഎഫുമായി സഹകരിക്കുന്ന പിവി അൻവർ ബേപ്പൂരിൽ സീറ്റുറപ്പിച്ചിട്ടുണ്ട്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































