ദുബായ്: പശ്‌ചിമേഷ്യയിലെ സംഘർഷത്തിനിടെ, വിമാന സർവീസുകൾ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു. ചില സർവീസുകൾ ആരംഭിച്ചതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. ഇന്ന് വൈകുന്നേരം മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്. നേരത്തെ ബുക്ക് ചെയ്‌ത യാത്രക്കാർക്കാണ് മുൻഗണന.
യാത്ര ചെയ്യാൻ റീബുക്ക് ചെയ്‌തവരെ എമിറേറ്റ്‌സ് നേരിട്ട് ബന്ധപ്പെടും. വിമാനക്കമ്പനികളിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കുകയും യാത്ര ഉറപ്പാക്കുകയും ചെയ്‌തവരല്ലാതെ മറ്റാരും വിമാനത്താവളത്തിലേക്ക് വരരുതെന്ന് അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകി.
മറ്റെല്ലാ വിമാന സർവീസുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുകയാണ്. ഇത്തിഹാദ് എയർവേഴ്‌സിന്റെ 15 യാത്രാ വിമാനങ്ങൾ അബുദാബിയിൽ നിന്ന് സർവീസ് ആരംഭിച്ചു. യുദ്ധം തുടങ്ങിയത് മുതൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്‌ഥാനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഫ്‌ളൈ ദുബായ്‌യും ചില സർവീസുകൾ ആരംഭിച്ചു.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വെബ്‌സൈറ്റ് പരിശോധിക്കണമെന്ന് കമ്പനി യാത്രക്കാരോട് അഭ്യർഥിച്ചു. നാളെ മുതൽ മസ്‌കത്തിലേക്കും അവിടെ നിന്നുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് പുനരാരംഭിക്കും. ഡെൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്‌ത സർവീസുകൾ ഇതിൽ ഉൾപ്പെടും.
അതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മൻസൂറെ ഖോജസ്തേ കൊല്ലപ്പെട്ടു. ഖമനയിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്നു. തലസ്‌ഥാനമായ ടെഹ്റാനിലെ ഖമനയിയുടെ വസതിയും ഓഫീസും ഉൾപ്പെടുന്ന കെട്ടിടസമുച്ചയം ലക്ഷ്യമിട്ട് ശനിയാഴ്‌ച രാവിലെ നടന്ന ഇസ്രയേൽ-യുഎസ് ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!






































