പട്‌ന: രാജ്യസഭയിലേക്ക് മൽസരിക്കുകയാണെന്ന് പ്രഖ്യാപിച്ച് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. ഇന്ന് ബിഹാറിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പത്രികാ സമർപ്പണത്തിന് ഉണ്ടാകും.
മുഖ്യമന്ത്രി സ്‌ഥാനം ഒഴിയാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തോട് പാർട്ടി നേതാക്കളും അണികളും പ്രതിഷേധിക്കുമെന്ന ആശങ്കയിലാണ് ഔദ്യോഗിക പ്രഖ്യാപനം അവസാന സമയത്തേക്ക് നീട്ടിയത്. ജെഡിയു മന്ത്രിമാർ ഉൾപ്പടെ മുതിർന്ന നേതാക്കളോട് പോലും കൂടിയാലോചിക്കാതെയാണ് നിതീഷ് സ്‌ഥാനം ഒഴിയാനുള്ള തീരുമാനമെടുത്തത്.
അദ്ദേഹത്തെ പിന്തിരിപ്പിക്കാനായി ചില ജെഡിയു നേതാക്കൾ അവസാനഘട്ട ശ്രമം നടത്തിയെങ്കിലും തീരുമാനത്തെ സ്വാധീനിക്കാനായില്ല. അതേസമയം, പുതിയ സർക്കാരിന് എല്ലാവിധ സഹകരണവും നൽകുമെന്നും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ തുടർന്നും ഉണ്ടാകുമെന്നും നിതീഷ് കുമാർ പറഞ്ഞു.
ബിഹാറിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയായിരുന്നു നിതീഷ് കുമാർ. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കാണ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് സാധ്യത. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാറിനെ മന്ത്രിസഭയിലോ സംഘടനാ പദവികളിലോ നിയോഗിച്ചേക്കും.
ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് മുഖ്യമന്ത്രി സ്‌ഥാനം ലഭിക്കുന്നത്. അനാരോഗ്യമാണ് സ്‌ഥാനമൊഴിയാൻ നിതീഷിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. പൊതുവേദികളിലും നിയമസഭയിലും മുഖ്യമന്ത്രിയുടെ പെരുമാറ്റം പലപ്പോഴും പദവിക്ക് ചേരാത്ത രീതിയിലായിരുന്നു. ഓർമക്കുറവ് ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കുന്ന തലത്തിലേക്കെത്തിയിരുന്നു.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം






































