ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ മധ്യസ്‌ഥതയ്‌ക്ക് സന്നദ്ധത അറിയിച്ച് ചൈന. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ ചൈന തയ്യാറാണെന്നും മിഡിൽ ഈസ്‌റ്റിലേക്ക് ദൗത്യ സംഘത്തെ അയക്കുമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്‌താവ് യൂ ജിൻ അറിയിച്ചു.
ആറാം ദിവസവും സംഘർഷം അയവില്ലാതെ തുടരുന്ന പശ്‌ചാത്തലത്തിലാണ് ചൈന മധ്യസ്‌ഥത വഹിക്കാനുള്ള സന്നദ്ധത അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിലേക്ക് അടക്കം ആക്രമണം വ്യാപിപ്പിക്കുകയും ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്‌ക്കുകയും ചെയ്‌തതോടെ സ്‌ഥിതിഗതികൾ കൂടുതൽ വഷളായി.
ശ്രീലങ്കൻ തീരത്തിന് സമീപം ഇറാന്റെ യുദ്ധക്കപ്പലായ ‘ഐആർഐഎസ് ദേന’ യുഎസ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നതിനെ തുടർന്ന് മേഖലയിൽ വൻ യുദ്ധഭീതി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ചൈനീസ് ഇടപെടൽ യുദ്ധം അവസാനിപ്പിക്കാൻ ഉതകുമെന്നാണ് വിലയിരുത്തൽ.
അതിനിടെ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. ”സുഹൃത്തും ഫ്രഞ്ച് പ്രസിഡണ്ടുമായ മാക്രോയുമായി സംസാരിച്ചു. പശ്‌ചിമേഷ്യയിലെ സാഹചര്യത്തെ കുറിച്ചും നയതന്ത്രത്തിലേക്കും തിരിച്ചുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു. മേഖലയിൽ സമാധാനവും സ്‌ഥിരതയും പുനഃസ്‌ഥാപിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കും”- മോദി എക്‌സിൽ കുറിച്ചു.
അതേസമയം, അമേരിക്കൻ എണ്ണക്കപ്പൽ അക്രമിച്ചെന്ന അവകാശവാദവുമായി ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് രംഗത്തെത്തി. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്‌ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്ന് ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചതായും വിവരമുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ‘ദേന’യെ യുഎസ് അന്തർവാഹിനി ആക്രമിച്ചതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം. യുദ്ധക്കപ്പൽ തകർത്തതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്ക് അകമാണ് ഈ ആക്രമണം. അതേസമയം, യുഎസ്-ഇസ്രയേൽ സംയുക്‌ത ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1230 ആയി.
യുഎസ്-ഇസ്രയേൽ സൈന്യം ബോധപൂർവം ഇറാനിലെ ജനവാസമേഖല ലക്ഷ്യം വയ്‌ക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യ വക്‌താവ് പ്രതികരിച്ചു. അയൽ രാജ്യങ്ങളെ അക്രമിക്കില്ലെന്നും ശത്രുക്കളുടെ സൈനിക താവളങ്ങൾ അക്രമിക്കുകയെന്നതാണ് നയമെന്നും ഇറാന്റെ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു.
അതിനിടെ, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. ഡെൽഹിയിലെ ഇറാൻ എംബസിയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അനുശോചന ബുക്കിൽ ഒപ്പിടുകയും ചെയ്‌തു. ഖമനയിയുടെ മരണത്തിൽ ഇതാദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുന്നത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ







































