വാഷിങ്ടൻ: ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് യുഎസ് ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ”അവർക്ക് നാവികസേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയില്ല, അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു. അവരുടെ ഡ്രോണുകൾ നശിപ്പിക്കപ്പെടുന്നു. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണ്. കപ്പലുകൾ കടലിടുക്കിലേക്ക് പ്രവേശിക്കുന്നുണ്ട്”- ട്രംപ് പറഞ്ഞു.
എന്നാൽ, യുദ്ധത്തിന്റെ അവസാനം ഞങ്ങൾ നിർണയിക്കുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് തിരിച്ചടിച്ചു. തങ്ങൾക്കുമേൽ അമേരിക്കയും ഇസ്രയേലും ആക്രമണം തുടർന്നാൽ മേഖലയിൽ നിന്നും ഒരു ലിറ്റർ എണ്ണപോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും ഇറാൻ നൽകി.
അതിനിടെ എംബസിയുമായി ബന്ധപ്പെടാതെ ഇറാനിൽ നിന്ന് പുറത്തേക്ക് പോകരുതെന്ന് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടന്ന സാഹചര്യത്തിലാണ് ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. വ്യക്തമായ നിർദ്ദേശങ്ങൾ ലഭിക്കാതെ ഒരു കാരണവശാലും അതിർത്തികളിലേക്ക് പോകരുതെന്നും എംബസി പൗരൻമാരോട് അഭ്യർഥിച്ചു.
അതേസമയം, ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം തുടരുകയാണ്. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാന്റെ മിസൈലാക്രമണം ഉണ്ടായി. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. മനാമയിലെ ജനവാസ മേഖലയിലാണ് ഇറാൻ ആക്രമണം നടത്തിയത്. സൗദിയിലും ആക്രമണം ഉണ്ടായി. അൽ- ഖർജ് ഗവർണറേറ്റിലാണ് മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!







































