തിരുവനന്തപുരം: ഗണേഷ്‌കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. അസ്വാരസ്യങ്ങൾക്കിടയിൽ തന്നെ വിളിച്ച് ഗണേഷ് കുമാർ ക്ഷമാപണം നടത്തിയതായി ഭാര്യ ബിന്ദു മേനോൻ പറഞ്ഞു. കഴിഞ്ഞദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ വ്യക്‌തമാക്കി.
ചൊവ്വാഴ്‌ച രാവിലെ ഗണേഷ് കുമാർ തന്നെ ഫോണിൽ വിളിച്ചുവെന്നും ഇതൊരു കുടുംബപ്രശ്‌നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ബിന്ദു മേനോൻ പറഞ്ഞു. ഗണേഷ് കുമാറിനെ വ്യക്‌തിപരമായി ഉപദ്രവിക്കാൻ തനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് ഗണേഷ് കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയത്. കൊട്ടാരക്കര വാളകത്തെ വീടിന്റെ കിടപ്പുമുറിയിൽ ഗണേഷ് കുമാറിനെ മോശപ്പെട്ട രീതിയിൽ കണ്ടുവെന്നും ചിത്രങ്ങൾ പകർത്തിയ തന്നെ മന്ത്രിയുടെ സഹായികൾ തടഞ്ഞുവയ്‌ക്കാൻ ശ്രമിച്ചെന്നുമാണ് ബിന്ദു ആരോപിച്ചത്.
ഇതോടെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. ഇതിന് പിന്നാലെ ഗണേഷ്‌കുമാർ പ്രതിരോധത്തിലായിരുന്നു. വിഷയം വിവാദമായതോടെ ഗണേഷിന്റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടാകുമെന്നും ഗണേഷിന്റെ രാജി ചോദിച്ചുവാങ്ങുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് വിഷയം ഒത്തുതീർപ്പിലേക്ക് എത്തിയത്.
Most Read| മണ്ണ് നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി







































