ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി മൊജ്‌തബ ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്തുണയുമായി ഉത്തരകൊറിയ. ഇസ്രയേലും യുഎസും ഇറാനിൽ നടത്തുന്ന അക്രമങ്ങളെ രാജ്യം അപലപിച്ചു. അമേരിക്കയും ദക്ഷിണകൊറിയയും സംയുക്‌ത സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെ, ഉഗ്രശേഷിയുള്ള ക്രൂസ് മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചു.
യുദ്ധക്കപ്പലായ ചോയ് ഹ്യോണിൽ നിന്നാണ് മിസൈലുകൾ വിക്ഷേപിച്ചത്. അതിനിടെ, ദുബായ് വിമാനത്താവളത്തിന് സമീപത്ത് ഡ്രോണുകൾ വെടിവെച്ചിട്ട് യുഎഇ സൈന്യം. ഡ്രോണിന്റെ ഭാഗങ്ങൾ പതിച്ച് ഇന്ത്യക്കാരനുൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാൾ ബംഗ്ളാദേശിയും മറ്റുരണ്ടുപേർ ഘാനക്കാരുമാണ്.
കടലിൽ മൈനുകൾ നിക്ഷേപിക്കുന്ന ഇറാന്റെ 16 കപ്പലുകൾ തകർത്തതായാണ് യുഎസ് അറിയിച്ചിരുന്നു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്‌ഥാപിക്കുന്നതിനെതിരെ ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തകർത്ത കപ്പലുകളുടെ എണ്ണവും കപ്പലുകളുടെ ദൃശ്യങ്ങളും അമേരിക്കൻ സൈന്യം പുറത്തുവിട്ടത്.
അതിനിടെ, ഇറാനിലെ റഷ്യൻ കോൺസുലേറ്റിന് നേരെയും ആക്രമണം ഉണ്ടായി. ഇസ്‌ഫഹാനിലെ കോൺസുലേറ്റിലാണ് ആക്രമണം ഉണ്ടായതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യ അഭിപ്രായപ്പെട്ടു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഓഫീസ് കെട്ടിടത്തിന് കേടുപാടുകളുണ്ടായി.
Most Read| നോയിഡ സ്വദേശിക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതി; രാജ്യത്ത് ആദ്യം






































