തിരുവനന്തപുരം: എസ്ഡിപിഐയുമായി ധാരണയുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഡിപിഐയുടെ പിന്തുണ അഭ്യർഥിച്ചിട്ടില്ല. അത്തരം വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫ് പുറത്തുള്ള ഒരു കക്ഷിയുമായുള്ള പിന്തുണയും ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. നേമത്ത് ശിവൻകുട്ടിയും നേരിട്ട് അഭ്യർഥിച്ചില്ല. നേമത്തെ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുക്കണം. 2016ൽ നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമാണ് കോൺഗ്രസ് ഒരുക്കിയത്. സാധാരണ നിലയിൽ ബിജെപി ജയിക്കേണ്ട മണ്ഡലം ആയിരുന്നില്ല നേമം.
2021ൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് എൽഡിഎഫ് പറഞ്ഞു. ബിജെപി ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികൾ രാജ്യത്തും കേരളത്തിലുമുണ്ട്. ആ നിലയ്ക്ക്, രാഷ്ട്രീയമായി ഞങ്ങളോട് യോജിപ്പില്ലാത്ത ചില ആളുകൾ ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫിന് വോട്ട് ചെയ്തിരിക്കാം. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് മുന്നിട്ടിറങ്ങിയതെന്ന് കണ്ടാണ് അത്തരക്കാർ സഹായിച്ചത്.
അത് ഏതെങ്കിലും ഒരു കരാറിന്റെ ഭാഗമായിട്ടല്ല. ഏതെങ്കിലും വർഗീയതയുമായി ഒരുതരത്തിലുമുള്ള ബന്ധവും ഞങ്ങൾ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ പത്തുവർഷം കേരളത്തിൽ ഒരുതരത്തിലുള്ള വർഗീയ കലാപവും ഉണ്ടാകാത്തത്. അതിൽ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിട്ടുവീഴ്ചയില്ലാതെ വർഗീയതയെ എതിർക്കുന്ന നിലപാടാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































