തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു മൂന്ന് ദിവസമായിട്ടും അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടാത്തതിൽ അമർഷവുമായി പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. നിയോജക മണ്ഡലം അടിസ്‌ഥാനത്തിലുള്ള അന്തിമ പോളിങ് ശതമാനം ഉടൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിഡി. സതീശൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
പോളിങ് ശതമാനവും പോസ്‌റ്റൽ വോട്ടിങ് നില സംബന്ധിച്ച കണക്കുകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നാണ് സതീശൻ കത്തിലൂടെ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങളായെങ്കിലും പൂർണമായ വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടിട്ടില്ല.
ആകെ വോട്ട് ചെയ്‌ത വോട്ടർമാരുടെ എണ്ണം, സംസ്‌ഥാനം, ജില്ല, മണ്ഡലം എന്നിവ തിരിച്ചും പൂർണമായി നൽകിയിട്ടില്ലെന്നാണ് ആക്ഷേപം. ചില ജില്ലകളിൽ ഈ വിവരങ്ങൾ ഇൻഫർമേഷൻ വകുപ്പ് വഴി പ്രസിദ്ധീകരിച്ചെങ്കിലും പൂർണമല്ലെന്നാണ് സൂചന.
കൂടാതെ, വീടുകളിൽ വോട്ട് ചെയ്‌തവർ, തപാൽ വോട്ട് ചെയ്‌ത പോളിങ് ഉദ്യോഗസ്‌ഥർ, അവശ്യ സേവന വിഭാഗത്തിലെ ഉദ്യോഗസ്‌ഥർ എന്നിവരുടെ വിവരങ്ങൾ ഇതോടൊപ്പം ചേർത്തിട്ടില്ല. സംസ്‌ഥാനത്ത് 78.27% പോളിങ് നടന്നതായാണ് കമ്മീഷൻ അറിയസിഹത്. അന്തിമ കണക്ക് വരുമ്പോൾ ഇത് മാറാം.
Most Read| ചരിത്രം കുറിച്ച് ആർട്ടെമിസ്-II ദൗത്യ സംഘം; സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി





































