ന്യൂഡെൽഹി: വനിതാ സംവരണ ബില്ലിൽ ഇന്നും നാളെയും ലോക്സഭയിൽ ചർച്ച നടക്കും. കേന്ദ്രമന്ത്രി അർജുൻ റാം മെഗ്വാളാണ് ബിൽ അവതരിപ്പിക്കുന്നത്. 2029ലെ തിരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണം നടപ്പാക്കാൻ ലോക്സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കുന്നതാണ് ബിൽ.
സംസ്ഥാനങ്ങൾക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 35 സീറ്റുകളും അനുവദിക്കുന്നതാണ് പുതിയ ബിൽ. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ ബിൽ പാസാവുകയുള്ളൂ. നിലവിൽ ലോക്സഭയിൽ 543 അംഗങ്ങളാണ് ഉള്ളത്. ഇതിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 പേരുടെ പിന്തുണ വേണം.
എന്നാൽ. എൻഡിഎക്ക് മാത്രം 293 അംഗങ്ങളാണ് ഉള്ളത്. മറ്റുള്ള 13 പേരുടെ പിന്തുണ ലഭിച്ചാലും പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബിൽ പാസാവില്ല. 244 അംഗങ്ങളിൽ 163 പേരുടെ പിന്തുണ ലഭിച്ചാലേ ബിൽ രാജ്യസഭ അംഗീകരിക്കുകയുള്ളൂ. എൻഡിഎക്ക് 141 അംഗങ്ങളാണ് രാജ്യസഭയിൽ ഉള്ളത്. എന്നാൽ, ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
വനിതാ സംവരണത്തെ അല്ല, മണ്ഡല പുനർനിർണയം ആണ് സർക്കാർ നടപ്പാക്കാൻ നോക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം. മണ്ഡല പുനർനിർണയത്തിലെ വ്യവസ്ഥകൾ വ്യക്തമാക്കാതെ ബില്ലിനെ പിന്തുണയ്ക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ബില്ലിനെ സഭയിൽ എതിർക്കാനാണ് തീരുമാനം. ഇതോടെ, സഭ ഇന്ന് പ്രക്ഷുബ്ധമാകാനാണ് സാധ്യത.
2027ലെ സെൻസസിന് ശേഷം 2034ൽ നടപ്പിലാക്കേണ്ടിയിരുന്ന സംവരണം, 2011ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029ൽ തന്നെ നടപ്പിലാക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത്. ലോക്സഭയിലേക്കും നിയമസഭകളിലേക്കും വനിതകൾക്ക് 33% സംവരണം എന്നതാണ് നിയമം. 454 പേരുടെ പിന്തുണയോടെയാണ് ലോക്സഭ ബിൽ പാസാക്കിയത്. രാജ്യസഭ ഏകകണ്ഠമായി പാസാക്കി. ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പ് വെച്ചതോടെ ബിൽ നിയമമായി.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































