വാഷിങ്ടൻ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അതേസമയം, ഹോർമുസ് കടലിടുക്കിൽ യുഎസിന്റെ നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ തങ്ങളുടെ നിർദ്ദേശം സമർപ്പിക്കും വരെ വെടിനിർത്തൽ നീട്ടിയതായാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാന്റെ ഭരണകൂടത്തിൽ ഭിന്നതകൾ നിലനിൽക്കുന്നതിനാൽ ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടിയതെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ വെടിനിർത്തൽ കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പായിരുന്നു പ്രഖ്യാപനം.
ചർച്ചകൾക്കായി ഇനി വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് പാക്കിസ്‌ഥാനിലേക്ക് പോകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചതിനെ തുടർന്നാണിത്. വെടിനിർത്തൽ നീട്ടാൻ പാക്കിസ്‌ഥാൻ നേതാക്കൾ തന്നോട് അഭ്യർഥിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. ഇസ്‌ലാമാബാദ് ചർച്ചയിൽ അന്തിമ കരാർ ആയില്ലെങ്കിൽ ഇറാനെ സമ്പൂർണമായി തകർക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ, ഭീഷണിയും ചർച്ചയും ഒരുമിച്ച് പോകില്ലെന്ന് വ്യക്‌തമാക്കി ഇറാൻ ചർച്ചകളിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതോടെ, യുദ്ധം വീണ്ടും ആരംഭിക്കുകയാണോ എന്നാണ് ആശങ്കകൾക്കിടെയാണ് ട്രംപ് വെടിനിർത്തൽ കാലയളവ് നീട്ടിയത്. പാക്ക് മധ്യസ്‌ഥതയിൽ നടന്ന ചർച്ചകൾ അവസാനിച്ചതായി ട്രംപ് പറഞ്ഞു.
വെടിനിർത്തൽ നീട്ടിയതിന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്രംപിന് നന്ദി അറിയിച്ചു. നയതന്ത്ര ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ നടപടി ഉപകരിക്കുമെന്നും ഷെരീഫ് പറഞ്ഞു. വെടിനിർത്തൽ വേളയിൽ ഏത് സാഹചര്യവും നേരിടാൻ സേനകൾ സജ്‌ജമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































