മുംബൈ: മാദ്ധ്യമ മേഖലയിലെ ദേശീയ സംഘടനയായ ജെഎംഎയുടെ മഹാരാഷ്‌ട്ര ഘടകത്തിന്റെ വിപുലീകരണ യോഗത്തിലാണ് മാദ്ധ്യമ പ്രവർത്തകരുടെ ക്ഷേമം മുൻനിർത്തിയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായത്.
ദേശീയ പ്രസിഡണ്ട് വൈശാഖ് സുരേഷ് ഉൾപ്പടെയുള്ളവർ പങ്കെടുത്ത നവി മുംബൈയിലെ യോഗം പ്രഖ്യാപിച്ച പദ്ധതികളിൽ 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, മൾട്ടി സ്‌റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി, പ്രൊഫഷണൽ പരിശീലനം, ഡിജിറ്റൽ മീഡിയ പിന്തുണ എന്നിവയാണ് പ്രധാനമായും ഉൾക്കൊള്ളുന്നത്.
അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷാ കവചമാകുന്നതാണ് 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി. ഇന്ത്യയിലുടനീളമുള്ള ജെഎംഎ അംഗങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
പ്രഖ്യാപനത്തിലുള്ള രണ്ടാമത്തെ പദ്ധതിയായ മൾട്ടി-സ്‌റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം ലക്ഷ്യമിട്ട് ദേശീയതലത്തിൽ രൂപീകരിക്കുന്നതാണ്. കുറഞ്ഞ പലിശനിരക്കിൽ വായ്‌പകളും മറ്റ് സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കാനുദ്ദേശിക്കുന്ന സൊസൈറ്റിയുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി നേതൃത്വം പറഞ്ഞു.
മാദ്ധ്യമ ധർമ്മം, തൊഴിൽപരമായ പ്രൊഫഷണലിസം, ഫീൽഡ് സേഫ്‌റ്റി എന്നിവയിൽ അംഗങ്ങൾക്ക് പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ പരിശീലനമാണ് മറ്റൊരു പ്രഖ്യാപിത പദ്ധതി. ഡിജിറ്റൽ മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ നിയമപരമായ അംഗീകാരവും രജിസ്‌ട്രേഷൻ നടപടികൾക്കുള്ള സാങ്കേതിക സഹായവും ഉറപ്പാക്കുന്ന ഡിജിറ്റൽ മീഡിയ സപ്പോർട്ടും ജെഎംഎ പ്രഖ്യാപിച്ചിട്ടുണ്ട്.
മാദ്ധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തിന്റെ നാലാം തൂണിനെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും ജെഎംഎയുടെ ദേശീയതലത്തിൽ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനങ്ങളെന്ന് ഭാരവാഹികൾ പറഞ്ഞു.
Most Read| ഹോർമുസ് ഇനി പഴയപടിയാകില്ല; ഇറാൻ







































