ന്യൂഡെൽഹി: വെടിനിർത്തൽ കരാർ തുടരുന്നതിനിടയിലും, യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്‌ട്രീസ് സോണിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്‌തമായി അപലപിച്ച് ഇന്ത്യ. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരൻമാർക്ക് പരിക്കേറ്റിരുന്നു.
ഇറാന്റെ നീക്കം അംഗീകരിക്കാനാവില്ലെന്നും, ഇറാൻ-യുഎസ് ആക്രമണം അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പശ്‌ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കുന്നതിനായി ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‍നങ്ങൾ പരിഹരിക്കണമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
”ഫുജൈറയിൽ മൂന്ന് ഇന്ത്യൻ പൗരൻമാർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം ശത്രുതാപരമായ നീക്കങ്ങളും സിവിലിയൻ അടിസ്‌ഥാന സൗകര്യങ്ങൾക്കും നിരപരാധികൾക്കും നേരെയുള്ള ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു”- വിദേശകാര്യ മന്ത്രാലയ വക്‌താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലൂടെ അറിയിച്ചു.
രാജ്യാന്തര നിയമങ്ങൾ പാലിച്ചു ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ ഗതാഗതവും വ്യാപാരവും തടസമില്ലാതെ നടക്കണം. മേഖലയിലെ സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുജൈറയിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ ഡ്രോൺ അവശിഷ്‌ടം പതിച്ച് തീപടർന്നാണ് മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റത്. ഒമാനിൽ ബുഖ ഗവർണറേറ്റിലുണ്ടായ ഇറാന്റെ വ്യോമാക്രമണത്തിൽ രണ്ടു വിദേശികൾക്കും പരിക്കേറ്റിരുന്നു. ആക്രമണ പശ്‌ചാത്തലത്തിൽ യുഎഇയിലെ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഓൺലൈൻ ക്ളാസുകളിലേക്ക് മാറി.
Most Read| പരാജയത്തിൽ പഠിക്കാനുണ്ട്, സ്വയം പരിശോധിച്ച് തിരുത്തേണ്ട ഭാഗങ്ങൾ ഉണ്ട്; പി. ജയരാജൻ




































