വാഷിങ്ടൻ: ഇറാൻ-ഇസ്രയേൽ ചർച്ച പ്രതിസന്ധിയിൽ. ഇറാനുമായി നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിക്കുമ്പോൾ, യുഎസുമായി നേരിട്ടുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ലെന്നാണ് ഇറാൻ പറയുന്നത്.
അതേസമയം, ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒരു പുതിയ കരാറിൽ ഒപ്പുവയ്‌ക്കാനുള്ള ഇറാന്റെ അവസാന അവസരമാണിതെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ അഭ്യർഥന പ്രകാരമാണ് ചർച്ചകൾ നടക്കുന്നതെന്നും സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ പിന്തുണ ഇതിനുണ്ടെന്നും ട്രംപ് പറഞ്ഞു.
”സൈനിക നടപടി എന്ന അന്തിമ തീരുമാനത്തിലേക്ക് കടക്കുന്നതിന് മുൻപ് അവർക്ക് ഒരു അവസാന അവസരം കൂടി നൽകാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഇറാനെതിരെയുള്ള സൈനിക പദ്ധതികൾ ഇപ്പോഴും നിലവിലുണ്ട്. സൈനിക നടപടി ഒരു കരാറിലെത്താൻ ഇറാൻ തന്നെയാണ് യുഎസിനെ സമീപിച്ചത്. ചർച്ചകൾ വേഗത്തിൽ പുരോഗമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്”- യുഎസ് പ്രസിഡണ്ട് പറഞ്ഞു.
അതിനിടെ, യുഎസുമായുള്ള എല്ലാത്തരം ചർച്ചകളും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്‌താവ് ഇസ്‌മായിൽ ബഗായ് നിഷേധിച്ചു. വരും ദിവസങ്ങളിൽ യുഎസുമായി യാതൊരു കൂടിക്കാഴ്‌ചയും പദ്ധതിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒമാനുമായി മാത്രമാണ് ചർച്ചകൾ നടക്കുന്നതെന്നും അത് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.
ഇറാൻ ഒന്നുകിൽ പുതിയൊരു ആണവക്കരാറിൽ ഒപ്പുവയ്‌ക്കാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പൂർണമായി കീഴടങ്ങേണ്ടി വരുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. യുഎസിന്റെ കടുത്ത നാവിക ഉപരോധത്തെ തുടർന്ന് ഇറാനിലേക്ക് ഒരു സാധനവും ഇപ്പോൾ എത്തുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ മറ്റു വഴികളൊന്നും അവർക്ക് മുന്നിലില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഭരണകൂടം വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Most Read| എസ്. ശ്രീജിത്തിന്റെ ഡിജിപി നിയമനം; എന്തിനാണ് ഇത്ര തിടുക്കമെന്ന് ഹൈക്കോടതി



































