ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഷിപ്പിലെ ക്രൂ മെമ്പറാണ് മരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് മരണം സ്‌ഥിരീകരിച്ചത്‌.

By Senior Reporter, Malabar News
oil tanker ship
Rep. Image

ദുബായ്: ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഷിപ്പിലെ ക്രൂ മെമ്പറാണ് മരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് മരണം സ്‌ഥിരീകരിച്ചത്‌.

”ഹോർമുസ് കടലിടുക്കിലുണ്ടായ സംഭവത്തിൽ ഇന്ത്യക്കാരനായ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും കോൺസുലേറ്റ് നൽകും. കുടുംബത്തിന് എല്ലാ പിന്തുണയും നൽകും. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു”- ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക മാദ്ധ്യമ പോസ്‌റ്റിൽ പറഞ്ഞു.

അന്തിമകരാറിലേക്ക് അടുക്കുന്നുവെന്ന് പറയുമ്പോഴും, പശ്‌ചിമേഷ്യയിലെ ആക്രമണങ്ങൾക്ക് അറുതിയില്ല. വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ, ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കും സംഘർഷഭരിതമായത്.

അതേസമയം, ആക്രമണം ഉണ്ടായത് ആരുടെ ഭാഗത്തുനിന്നെന്ന് വ്യക്‌തമായിട്ടില്ല. ഇറാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആക്രമിക്കപ്പെട്ടത് ഏത് രാജ്യത്തിന്റെ കപ്പലാണെന്ന വിവരം ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ കപ്പലെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. എന്നാൽ, ഇതിന് ഔദ്യോഗിക സ്‌ഥിരീകരണമില്ല.

ഹോർമുസിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് ആക്രമണം നടത്തിയതായി ഇറാൻ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദർ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. ഇവിടെനിന്നും സ്‍ഫോടകശബ്‌ദം ഉണ്ടായതായും ഡ്രോൺ ആക്രമണം ഉണ്ടായതായുമാണ് റിപ്പോർട്.

രണ്ട് ഡ്രോണുകളും ഇറാൻ സൈന്യം വെടിവെച്ചിട്ടതായും പറയുന്നു. ഇറാനിയൻ എണ്ണ ടാങ്കറിനെ ലക്ഷ്യംവെച്ചതിലൂടെ അമേരിക്ക വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ വക്‌താവ്‌ പറഞ്ഞു. യുഎസിന്റെ മൂന്ന് നാവിക ഡിസ്‌ട്രോയർ കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാൻ കപ്പലുകൾ യുഎസ് തകർത്തെന്ന് ഡൊണാൾഡ് ട്രംപും പിന്നീട് സ്‌ഥിരീകരിച്ചിരുന്നു.

Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE