ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ. സ്റ്റാലിൻ. വിജയ്യുടെ ടിവികെ സർക്കാർ ഏത് നിമിഷവും താഴെവീഴും. സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്നും അതിനായി പാർട്ടി അണികൾ സജ്ജരാകണമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ ആഹ്വാനം ചെയ്തു.
2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട്ടിൽ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് കൂടി സാധ്യതയുണ്ടെന്നാണ് സ്റ്റാലിൻ ജില്ലാ സെക്രട്ടറിമാരോട് പറഞ്ഞത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും സ്റ്റാലിൻ പറഞ്ഞു. ”തമിഴ്നാട്ടിൽ ഉദയസൂര്യൻ ഒരിക്കലും അസ്തമിക്കില്ല. ഈ പരാജയം താൽക്കാലികം മാത്രമാണ്, നമ്മൾ ശക്തമായി തിരിച്ചുവരും”- സ്റ്റാലിൻ പറഞ്ഞു.
സാമൂഹിക മാദ്ധ്യമങ്ങളിൽ ടിവികെ ഏറെ മുന്നിലാണെന്ന സൂചന നൽകിയ സ്റ്റാലിൻ, ഡിഎംകെ തങ്ങളുടെ ഡിജിറ്റൽ സാന്നിധ്യം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഒരുകാലത്ത് നമ്മൾ ചായക്കടകളിൽ സംസാരിച്ചിരുന്ന രാഷ്ട്രീയം ഇനി സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സംസാരിക്കണമെന്നായിരുന്നു സ്റ്റാലിൻ പറഞ്ഞത്.
പരാജയത്തിന്റെ കാരണങ്ങൾ പഠിക്കാനും പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ ശേഖരിക്കാനുമായി ഡിഎംകെ 36 അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ 59 വർഷമായി നിലനിന്നിരുന്ന ദ്രാവിഡ പാർട്ടികളുടെ ആധിപത്യം അവസാനിപ്പിച്ചാണ് ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നത്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































