ന്യൂഡെൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായ രാഷ്ട്രീയ പരിഹാസ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. സ്ഥാപകനായ അഭിജീത് ദീപ്കെയാണ് ഇക്കാര്യം അറിയിച്ചത്.
‘പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു’ എന്നാണ് അദ്ദേഹം പറഞ്ഞത്. തുടർന്ന് പുതിയ അക്കൗണ്ട് തുറന്നതായും അഭിജീത് ദീപ്കെ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ ബിജെപിയെ പിന്നിലാക്കി മണിക്കൂറുകൾക്ക് ശേഷമാണ് അക്കൗണ്ട് പൂട്ടിയത്. 1.65 ലക്ഷത്തിലധികം ഫോളോവേഴ്സായിരുന്നു അക്കൗണ്ടിന് എക്സിൽ ഉണ്ടായിരുന്നത്.
CJP_2029 എന്ന യൂസർനെയിമുള്ള ഈ അക്കൗണ്ടിൽ ‘Account Withheld’ (അക്കൗണ്ട് തടഞ്ഞുവെച്ചിരിക്കുന്നു) എന്നാണ് കാണിക്കുന്നത്. ഇതിന് താഴെയായി നിയമപരമായ ആവശ്യത്തെത്തുടർന്ന് @CJP_2029 ഇന്ത്യയിൽ തടഞ്ഞുവെച്ചിരിക്കുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്താണ് കോക്രോച്ച് ജനതാ പാർട്ടി
തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഒരുങ്ങിയ രാഷ്ട്രീയ പരിഹാസ കൂട്ടായ്മയാണ് കോക്രോച്ച് ജനതാ പാർട്ടി അഥവാ സിജെപി. മടിയൻമാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവാക്യവുമായി എത്തുന്ന സിജെപി ഒരു ജെൻസി മൂവ്മെന്റായി മാറിക്കൊണ്ടിരിക്കുകയാണ്.
തൊഴലില്ലാത്തവർ, കുഴിമടിയൻമാർ, മടിച്ചികൾ, 12 മണിക്കൂറിൽ കൂടുതൽ സാമൂഹിക മാദ്ധ്യമ ഉപയോഗം എന്നിവ കോക്രോച്ച് ജനതാ പാർട്ടിയിൽ അംഗങ്ങളാകാനുള്ള മാനദണ്ഡങ്ങളാണ്. തമാശയായി തോന്നുമെങ്കിലും രാഷ്ട്രീയം തന്നെയാണ്.
ഒരു കോടതി നടപടിക്കിടെ തൊഴിലില്ലാത്ത യുവാക്കൾ പാറ്റകളാണെന്നും അവർ മാദ്ധ്യമ, സാമൂഹിക മാദ്ധ്യമ ആർടിഐ ആക്റ്റിവിസ്റ്റുകളായി സിസ്റ്റത്തെ ആക്രമിക്കാൻ തുടങ്ങി എന്നുമായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം. ഇത് വിവാദമായതോടെ ചീഫ് ജസ്റ്റിസിന് വിശദീകരണ കുറിപ്പ് ഇറക്കേണ്ടി വന്നിരുന്നു.
സൂര്യകാന്തിന്റെ പരാമർശത്തോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് എക്സിൽ കോക്രോച്ച് ജനതാ പാർട്ടി അക്കൗണ്ട് ആരംഭിച്ചത്. പാർട്ടി ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വമ്പൻ പ്രതികരണങ്ങളാണ് ഈ പുതു സംഘത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിജെപിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ഇതുവരെ 13.2 മില്യൺ പിന്നിട്ടു.
ഇതോടെ മേയ് 16ന് മാത്രം ആരംഭിച്ച പേജിന്റെ ഫോളോവേഴ്സിന്റെ എണ്ണം രാജ്യം ഭരിക്കുന്ന ബിജെപിയുടെ ഔദ്യോഗിക പേജിനെയും മറികടന്നിരുന്നു. മേയ് 21ലെ കണക്ക് അനുസരിച്ച്, ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജായ @bjp4indiaക്ക് ഏകദേശം 8.7 ദശലക്ഷം (87 ലക്ഷം) ഫോളോവേഴ്സാണ് ഉള്ളത്.
Most Read| ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു




































