ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സമാധാന ഉടമ്പടിയുടെ കരട് രേഖ പുറത്ത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനും ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്.
അമേരിക്കയുടെ കരട് ധാരണയുടെ അടിസ്ഥാനത്തിൽ ഹോർമുസ് കടലിടുക്ക് ഒരു മാസത്തിനുള്ളിൽ വീണ്ടും തുറക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന്റെ റിപ്പോർട് അനുസരിച്ച് കരാർ നടപ്പിലാക്കി 30 ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ നിർദ്ദേശമുണ്ട്.
ഇതിന് പകരമായി അമേരിക്ക മേഖലയിലെ തങ്ങളുടെ സൈനിക സാന്നിധ്യം കുറയ്ക്കുകയും ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം അവസാനിപ്പിക്കുകയും വേണം. മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ എത്രത്തോളം പിൻവലിക്കണം എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.
അമേരിക്കൻ സൈന്യം പിൻമാറുന്നതിന് അനുസരിച്ച് മാത്രം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ കരാർ, ഒമാന്റെ സഹകരണത്തോടെ സമുദ്ര വ്യാപാരം പഴയ നിലയിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം ഒമാനുമായി ചേർന്ന് ഇറാൻ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ് കരട് കരാറിൽ വിഭാവനം ചെയ്തിരിക്കുന്നത്. അതേസമയം, സൈനിക കപ്പലുകളെ ഈ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു






































