തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ കൂടിക്കാഴ്‌ച നടത്തിയതിനുശേഷമാണ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്‌ഡെന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തെ തള്ളിയും ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് സിപിഐ എം നേതാക്കൾ തങ്ങളുടെ സാമാന്യബുദ്ധി ഉപയോഗിക്കണമെന്ന് പരിഹസിച്ചും മുഖ്യമന്ത്രി വിഡി സതീശൻ.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) റജിസ്‌റ്റർ ചെയ്‌ത കേസിൽ ഇടപെടാൻ സംസ്‌ഥാന സർക്കാരിനു കഴിയില്ലെന്നും അന്വേഷണം ഇങ്ങനെ വേണം എന്ന് നിർദ്ദേശിക്കാൻ ആകില്ലെന്നും അതിനുള്ള അധികാരം സംസ്‌ഥാനത്തിന് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റമാണ്. ക്രമസമാധാനപ്രശ്‌നം ഉണ്ടായാൽ പൊലീസ് ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേന്ദ്ര ഏജൻസിയാണ് കേസ് റജിസ്‌റ്റർ ചെയ്‌തത്. അന്വേഷണത്തിന്റെ ഭാഗമായാണ് അവർ നടപടി സ്വീകരിക്കുന്നത്. സംസ്‌ഥാനത്തിന് അതിൽ പങ്കില്ല. റെയ്‌ഡ് വിവരം ഇഡി പൊലീസിനെ അറിയിച്ചിട്ടില്ല. ആൾകൂട്ടം കണ്ട് ആഭ്യന്തര മന്ത്രിയാണ് പൊലീസിനെ വിട്ടത്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കുറേ സംഘർഷം ലഘൂകരിക്കാൻ പൊലീസിനു കഴിഞ്ഞു. സ്‌ത്രീകൾ ഉൾപ്പടെയുള്ള ഇഡി ഉദ്യോഗസ്‌ഥരെ ക്രിമിനലുകൾ മർദിച്ചു. കാർ തല്ലി തകർത്തു. ആ സമീപനം ശരിയല്ല. ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.
ബുധനാഴ്‌ച, വിജയന്റെ തിരുവനന്തപുരത്തുള്ള വസതിയിലും, കണ്ണൂരിലെ വീട്ടിലും, മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ വസതിയിലും, മറ്റ് നിരവധി സ്‌ഥലങ്ങളിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു. കൊച്ചി ആസ്‌ഥാനമായുള്ള ഒരു സ്‌പെഷ്യാലിറ്റി കെമിക്കൽസ് കമ്പനിയിൽ നിന്ന് സിപിഐ എം നേതാവിന്റെ മകൾ ടി വീണയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിന് പണം നൽകിയതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടന്നത്.
സ്വന്തം വസതിയിലെ റെയ്‌ഡിനുശേഷം പിണറായി വിജയൻ രാഹുൽ ഗാന്ധിയെ മാത്രമാണ് കുറ്റപ്പെടുത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. രാഹുൽഗാന്ധിയാണോ ഇഡി റെയ്‌ഡിന് ആളെ അയച്ചത്? തനിക്കെതിരെ ഇഡി കേസ് വന്നപ്പോൾ രാഹുൽഗാന്ധി കോൺഗ്രസുകാരെ വിട്ട് ഇഡിയുടെ വാഹനം തല്ലിതകർത്തോ? രാഹുൽഗാന്ധി രാഷ്‌ട്രീയമായാണ് കേസിനെ നേരിട്ടത്. 56 മണിക്കൂർ അദ്ദേഹം ചോദ്യം ചെയ്യലിന് വിധേയനായി. പിണറായിയുടെ മകൾക്കെതിരെ കേസെടുത്തത് രാഷ്‌ട്രീയമാണെങ്കിൽ സിപിഎമ്മിന് രാഷ്‌ട്രീയമായി പ്രതിഷേധിക്കാം. ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന പരിശോധനയെ വിമർശിക്കാൻ സംസ്‌ഥാന സർക്കാരിനു കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഒരു കാര്യത്തില്‍ എപ്പോഴാണ് മറുപടി പറയേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കു നല്‍കണം. ഒളിച്ചോടുന്ന ആളല്ല താൻ. ചോദ്യം ചോദിക്കാനുള്ള അവകാശം പോലെ തന്നെ ഉത്തരം പറയാനുള്ള അവകാശം തനിക്കു നല്‍കണം. കാര്യങ്ങള്‍ പഠിച്ചു മാത്രമേ മറുപടി പറയാന്‍ കഴിയൂ. അത് എപ്പോള്‍ പറയുമെന്നു താന്‍ തീരുമാനിക്കും.’ എന്ന് വിഷയത്തിലെ മറുപടി വൈകിയതിലുള്ള വിശദീകരണമായും മുഖ്യമന്ത്രി പറഞ്ഞു.
MOST READ | ‘പൗരത്വം നിശ്‌ചയിക്കാനുള്ള മാനദണ്ഡമല്ല’; എസ്‌ഐആർ ശരിവെച്ച് സുപ്രീം കോടതി






































