വാഷിങ്ടൻ: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ നിലനിൽക്കെ, ഉപരോധം ലംഘിച്ച കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി അമേരിക്ക. യുഎസ് നാവിക ഉപരോധം ലംഘിച്ച് ഇറാനിലെ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചരക്ക് കപ്പലിന് നേരെയാണ് അമേരിക്ക മിസൈലാക്രമണം നടത്തിയത്.
ഗാംബിയൻ പതാക വഹിച്ച ലിയാൻ സ്‌റ്റാർ എന്ന ചരക്ക് കപ്പലിന് നേരെയാണ് ഗൾഫ് ഓഫ് ഒമാനിൽ വെച്ച് ആക്രമണം ഉണ്ടായതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. സൈനിക നടപടി സ്വീകരിക്കുന്നതിന് മുൻപ് കപ്പലിന് ഇരുപതിലധികം തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സെൻട്രൽ കമാൻഡ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിലൂടെ ഇറാനിയൻ തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന കപ്പലിന്റെ എൻജിൻ റൂമിലാണ് മിസൈൽ പതിച്ചത്. എൻജിൻ തകരാറിലായതോടെ കപ്പൽ കടലിൽ കുടുങ്ങി കിടക്കുകയാണ്. ഉപരോധം ആരംഭിച്ചതിന് ശേഷം ഇതുവരെ ഇറാനിലേക്ക് നീങ്ങിയ ആറ് കപ്പലുകളാണ് യുഎസ് സൈന്യം തടഞ്ഞത്.
ഇതിനോടകം ഏകദേശം 116ലധികം കപ്പലുകളെ മറ്റു ദിശകളിലേക്ക് വഴിതിരിച്ചുവിട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെയാണ് യുഎസ് ഈ കർശനമായ നാവിക ഉപരോധം ഏർപ്പെടുത്തിയത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ






































