
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉൽഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമഗ്രമായ ഈ വലിയ ലക്ഷ്യത്തിലേക്കെത്താൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും എല്ലാവിധ സഹകരണവുമുണ്ടാവണം. നിലവിൽ 70 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ നമ്മുടെ ആവശ്യം 86 ലക്ഷം ലിറ്ററാണ്. പാൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം പാലിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയായ കാലിത്തീറ്റയുടെ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ കർശനമായി ഇടപെടും. പാലിന് വില കൂട്ടുമ്പോൾ കാലിത്തീറ്റ കമ്പനികളും അന്യായമായി വില വർധിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന പ്രവണത അനുവദിക്കില്ല. ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകൾ മുഖേന കാലിത്തീറ്റയ്ക്ക് സബ്സിഡി നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ നിർദ്ദേശം നൽകും.
വന്യജീവി ആക്രമണം മൂലം കാർഷിക മേഖല തകർന്നപ്പോൾ കർഷകർക്ക് വലിയൊരാശ്വാസമായി മാറിയത് പശു വളർത്തലാണ്. ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അദ്ധ്വാനത്തെ മുഖ്യമന്ത്രി പ്രത്യേകം പ്രശംസിച്ചു. യുഎൻ മുന്നോട്ടുവെച്ച സന്ദേശം പോലെ വനിതാ കർഷകരെ നമ്മൾ പിന്തുണയ്ക്കുകയും ആഘോഷിക്കുകയും ചെയ്യണം.
കുട്ടികളാണ് കൂടുതലായി പാൽ കുടിക്കുന്നത് എന്നതിനാൽ പാലിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. പാലിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കർശനമായ പരിശോധനകൾ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

നിലവിൽ അമ്പത് ശതമാനത്തിൽ താഴെ കർഷകർ മാത്രമാണ് ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളത്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് കൂടുതൽ കർഷകരെ സംഘങ്ങളുടെ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കണം. പാൽ ഉൽപ്പാദനം വർദ്ധിക്കുന്നുണ്ടോ എന്ന് ഓരോ ആറുമാസം കൂടുമ്പോഴും വിലയിരുത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ട ക്ഷീരകർഷകർക്ക് അഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന തരത്തിൽ എല്ലാവിധ പിന്തുണയും ഉറപ്പാക്കിക്കൊണ്ടുള്ള സമഗ്രമായ ക്ഷീരവികസന പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരകർഷകർക്ക് ലോക ക്ഷീരദിന ആശംസകളും മുഖ്യമന്ത്രി നേർന്നു.
പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഏകദേശം എട്ടു ലക്ഷത്തോളം കർഷകർ പണിയെടുക്കുന്ന മേഖലയാണെങ്കിലും പാൽ ഉൽപ്പാദനത്തിൽ കുറവ് നേരിടുന്നുണ്ട്. ഈ കുറവുകൾ പരിഹരിച്ച് പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
Most Read| ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു



































