അണ്ണാമലൈ ബിജെപി വിട്ടു; പുതിയ പാർട്ടി തുടങ്ങുമെന്ന് പ്രഖ്യാപനം

ഇപ്പോൾ 'വി ദ ലീഡർ' എന്ന പേരിൽ സംഘടന രൂപീകരിക്കുമെന്നും പിന്നീട് രാഷ്‌ട്രീയ പാർട്ടിയായി മാറുമെന്നും അണ്ണാമലൈ പറഞ്ഞു.

By Senior Reporter, Malabar News
K. Annamalai Resigns from Tamil Nadu BJP
അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട് മുൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടു. പിന്നാലെ വാർത്താസമ്മേളനം വിളിച്ച അദ്ദേഹം, പുതിയ പാർട്ടി രൂപീകരിക്കുമെന്ന സൂചനയും നൽകി. ഇപ്പോൾ ‘വി ദ ലീഡർ’ എന്ന പേരിൽ സംഘടന രൂപീകരിക്കുമെന്നും പിന്നീട് രാഷ്‌ട്രീയ പാർട്ടിയായി മാറുമെന്നും അണ്ണാമലൈ പറഞ്ഞു.

തന്റെ രാഷ്‌ട്രീയ-പൊതു ജീവിതത്തിലെ അടുത്തഘട്ടം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ തന്റെ പുതിയ പാർട്ടി മൽസരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പുതിയ അടിത്തറയിൽ പുതിയ കാഴ്‌ചപ്പാടുകളോടെയും പുതിയ ദിശാബോധത്തോടെ ആയിരിക്കും ഈ പ്രസ്‌ഥാനം പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള അണ്ണാമലൈയുടെ രാജി അപേക്ഷ സ്വീകരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രസ്‌താവനയിൽ അറിയിച്ചു. ചൊവ്വാഴ്‌ച ഡൽഹിയിലെത്തിയ അണ്ണാമലൈ നിതിൻ നബീൻ, അമിത് ഷാ, ബിഎൽ. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്‌ച നടത്തുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്‌തിരുന്നു.

അഞ്ചുപേജുള്ള രാജിക്കത്താണ് അണ്ണാമലൈ പാർട്ടി അധ്യക്ഷന് സമർപ്പിച്ചത്. തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് മാറ്റി പകരം നൈനാർ നാഗേന്ദ്രനെ നിയമിച്ചതുമുതൽ പാർട്ടിയിൽ സജീവമല്ലാതിരുന്ന അണ്ണാമലൈ, ബിജെപി വിടാൻ ആഗ്രഹിക്കുന്നതായി ശക്‌തമായ സൂചനകൾ ഉണ്ടായിരുന്നു. പാർട്ടിയിൽ നിന്ന് സൗഹാർദ്ദപരമായി പിരിയാൻ ആഗ്രഹിക്കുന്നതായും സ്വന്തം വഴി തിരഞ്ഞെടുക്കാൻ സമയമായെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു.

സമീപകാലത്ത് അണ്ണാമലൈ സ്വീകരിച്ച ചില നിലപാടുകൾ പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കമാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് കാരണമായിരുന്നു. സിബിഎസ്ഇ ഒമ്പതാം ക്ളാസ് വിദ്യാർഥികൾക്കായി കൊണ്ടുവന്ന ത്രിഭാഷാ ഫോർമുല കുട്ടികളിലും രക്ഷിതാക്കളിലും അനാവശ്യമായ മാനസിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് പറഞ്ഞ് അണ്ണാമലൈ പരസ്യമായി വിമർശിച്ചതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

കൂടാതെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിൽ അണ്ണാമലൈ അതൃപ്‌തനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിജയ് സർക്കാരിന്റെ ശക്‌തനായ വിമർശകൻ കൂടിയാണ് അദ്ദേഹം.

Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE