കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കൈമാറാൻ പിഎംഎൽഎ പ്രത്യേക കോടതി ഉത്തരവ്. ഇഡി ആവശ്യത്തെ എതിർത്ത സിഎംആർഎല്ലിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിർദ്ദേശം.
ഇതോടെ, മാസപ്പടിക്കേസിൽ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുകൾ, ബന്ധപ്പെട്ട കത്തിടപാടുകൾ, വീണാ വിജയന്റെ മൊഴി, സിഎംആർഎൽ ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്‌ത വിവരങ്ങൾ, വീണയുടെയും എക്‌സാലോജിക്കിന്റെയും അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ അടക്കമാണ് ഇഡി ആവശ്യപ്പെട്ടത്.
ഏകദേശം 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായക രേഖകളാണ് ഇഡിക്ക് ലഭിക്കാൻ പോകുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിൽ എസ്എഫ്ഐഒ നേരത്തെ കുറ്റപത്രത്തിലെ രേഖകൾ സമർപ്പിച്ചിരുന്നു. ഇങ്ങനെ സമർപ്പിക്കപ്പെട്ട 134 രേഖകളുടെ അംഗീകൃത പതിപ്പാണ് ഇഡി ആവശ്യപ്പെട്ടത്.
അതേസമയം, മറ്റൊരു അന്വേഷണത്തിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട രേഖകളും മൊഴികളും വേറൊരു കേസിന്റെ ഭാഗമായി ഉപയോഗിക്കാൻ പാടില്ലെന്നും ഇഡിക്ക് അനുബന്ധ രേഖകൾ കൈമാറരുത് എന്നുമായിരുന്നു സിഎംആർഎല്ലിന്റെ വാദം. എന്നാൽ, പിഎംഎൽഎ കേസുകൾ അന്വേഷിക്കുമ്പോൾ ഇത്തരം രേഖകളെ ആശ്രയിക്കാമെന്നായിരുന്നു ഇഡിയുടെ വാദം.
വീണയെ നേരിട്ട് ചോദ്യം ചെയ്യുന്നതിന് മുൻപ് പഴുതടച്ച സമഗ്ര അന്വേഷണ റിപ്പോർട് തയ്യാറാക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഇത്രയും ബൃഹത്തായ രേഖകൾ കൈവശം ലഭിക്കുന്നതോടെ കേസിൽ കൂടുതൽ വ്യക്‌തത വരുമെന്ന് ഇഡി പ്രതീക്ഷിക്കുന്നു.
Most Read| ഇത് മധുരപ്രതികാരം; 13ആം വയസിൽ പുറത്താക്കിയ സ്‌കൂളിൽ അധ്യാപികയായി തിരിച്ചെത്തി





































