തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലം. സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ജൂലൈ 31 അർധരാത്രി വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമേ ഈ ദിവസങ്ങളിൽ മൽസ്യബന്ധനത്തിന് അനുമതിയുള്ളൂ.
ജൂലൈ 31 വരെ സംസ്ഥാനത്തെ യന്ത്രവൽകൃത മൽസ്യബന്ധന മേഖല നിശ്ചലമാകും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ കടലിൽ അടിത്തട്ടിൽ മൽസ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണ് നിരോധനം. അതേസമയം, ഇൻബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും കടലിൽ പോകാൻ തടസമില്ല. പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും.
നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധനം ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ കോസ്റ്റൽ പോലീസുണ്ടാകും. അതേസമയം, സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധയതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലറുകൾ പ്രഖ്യാപിച്ചു.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഈ മൂന്ന് ജില്ലകളിലെയും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു


































