കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിൻമാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പിൻമാറിയത്. ഇന്ന് രാവിലെ കേസ് പരിഗണിക്കുന്നതിനിടെ, താൻ ഇതിൽ നിന്ന് പിൻമാറുകയാണെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
രണ്ടുദിവസം മുൻപ് കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും പിൻമാറിയിരുന്നു. ഇതേത്തുടർന്നാണ് ഹരജി കൗസറിന് മുന്നിലെത്തിയത്. ഇദ്ദേഹം കൂടി പിൻമാറിയതോടെ അതിജീവിതയുടെ ഹരജി ഇനി പുതിയ ബെഞ്ച് പരിഗണിക്കും.
മെമ്മറി കാർഡ് വിഷയം നേരത്തെ പരിഗണിച്ച എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജഡ്ജി ആയിരുന്നു എന്ന കാരണത്താലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയതെന്നാണ് വിവരം. മുൻപ് ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാറായി പ്രവർത്തിച്ചിരുന്ന സമയത്ത് അതിജീവിതയുടെ പരാതി പരിഗണിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം ജസ്റ്റിസ് റോബിൻ സെബാസ്റ്റ്യൻ ഹരജിയിൽ നിന്ന് പിൻമാറിയത്.
നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. കോടതികളുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു.
അങ്കമാലി മജിസ്ട്രേറ്റ് ആയിരുന്ന ലീന റഷീദ്, ജില്ലാ കോടതിയിലെ ബെഞ്ച് ക്ളർക്ക് മഹേഷ് മോഹൻ, വിചാരണ കോടതി ശിരസ്തദാർ താജുദീൻ എന്നിവർ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്ന് പരിശോധിച്ചു എന്നായിരുന്നു എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
എന്നാൽ, ഈ റിപ്പോർട് വസ്തുതാ വിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതും ആണെന്ന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതി മേൽനോട്ടത്തിൽ സൈബർ ഫൊറൻസിക് വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ ശാസ്ത്രീയ പുനരന്വേഷണം ആവശ്യപ്പെടുന്നത്. സുപ്രീം കോടതിയിലെ അഭിഭാഷകയായ വൃന്ദ ഗ്രോവർ വഴിയാണ് അതിജീവിത പുതിയ ഹരജി ഫയൽ ചെയ്തത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































