ന്യൂഡെൽഹി: ടെലഗ്രാം നിരോധനം ശരിവെച്ച് ഡെൽഹി ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹരജി തള്ളി. നിരോധനം 22 വരെ തുടരും. കേന്ദ്രത്തിന്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ചാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷയ്‌ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കും വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താൽക്കാലിക നിരോധനത്തിലേക്ക് നയിച്ചത്. കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ് സർക്കാരിന്റേതെന്ന് ടെലഗ്രാം കോടതിയിൽ വാദിച്ചു.
എന്നാൽ, വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് നിരോധനം എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. നീറ്റ് പുനഃപരീക്ഷയുടെ പശ്‌ചാത്തലത്തിൽ വ്യാജ ചോദ്യപേപ്പറുകളുടെ പ്രചാരണം തടയാനാണ് കേന്ദ്ര സർക്കാർ നടപടി. ടെലഗ്രാമിനെ പ്ളേ സ്‌റ്റോറിൽ നിന്നും നീക്കം ചെയ്‌തിരുന്നു. ആപ്പ് നീക്കം ചെയ്യാൻ ആപ്പിളിനും നിർദ്ദേശം നൽകിയിരുന്നു.
ടെലഗ്രാമിൽ വ്യാപകമായി വ്യാജ ചോദ്യപേപ്പറുകൾ പ്രചരിക്കുന്നുവെന്നാണ് നീറ്റിന്റെ ആരോപണം. ഇതിന് പിന്നിൽ ചില മാഫിയകളും പ്രവർത്തിക്കുന്നു. പല പേരുകളിലായി അറിയപ്പെടുന്ന ഇത്തരം മാഫിയകൾ ചോദ്യപേപ്പർ പ്രചരിപ്പിച്ച് പണം തട്ടിയതായും നീറ്റ് ആരോപിക്കുന്നു. നിലവിൽ ജൂൺ 30 വരെ ടെലഗ്രാം ആപ്പിന്റെ എഡിറ്റിങ് ഫീച്ചറും പ്രവർത്തന രഹിതമാക്കിയിട്ടുണ്ട്.
അതിനിടെ, ടെലഗ്രാമിന്റെ താൽക്കാലിക വിലക്കിനെതിരെ സ്‌ഥാപകൻ പാവൽ ദുരോവ് രംഗത്തെത്തി. ആപ്പ് നിരോധനം ഇന്ത്യയിലെ 15 കോടിയോളം വരുന്ന സാധാരണ ഉപയോക്‌താക്കളെ ബാധിക്കുന്ന വിഷയമാണെന്നും അടിസ്‌ഥാന പ്രശ്‌നം തിരിച്ചറിയാതെയുള്ള നടപടിയാണെന്നും ദുരോവ് പറഞ്ഞു.
Most Read| ഇറാൻ- യുഎസ് തുടർ ചർച്ചകൾക്ക് ഇന്ന് ജനീവയിൽ തുടക്കം



































