പത്തനംതിട്ട: നാട്ടിൽ ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന ലഹരിവിരുദ്ധ സംഘടനാ നേതാവ് എംഡിഎംഎയുമായി പിടിയിൽ. എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ ഷർഫിൻ സെബാസ്റ്റ്യനെയാണ് (25) 1.590 ഗ്രാം എംഡിഎംഎയുമായി ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡും കണ്ടെത്തി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന് രഹസ്യവിവരം ലഭിച്ചത്.
ഡാൻസാഫ് സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഇയാളുടെ വീട്ടിലെത്തിയ പോലീസ് പുസ്തകങ്ങൾക്കിടയിൽ ഒരു രഹസ്യ അറയിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഇവിടെനിന്നാണ് ഐഡി കാർഡും കണ്ടെടുത്തത്. എംഡിഎംഎ വലിക്കാൻ ഉപയോഗിക്കുന്ന ഗ്ളാസ് ഉപകരണം, ഫ്യൂവിങ് പൈപ്പുകൾ, പ്ളാസ്റ്റിക് പൈപ്പുകൾ മുതലായവയും കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ഷർഫിനെ പെരുമ്പെട്ടി സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ എറണാകുളം പാലാരിവട്ടം, ടൗൺ സ്റ്റേഷനുകളിൽ ലഹരിമരുന്ന് കേസുകളിലും കോയിപ്രം സ്റ്റേഷനിൽ സ്ത്രീകളെ ആക്രമിച്ചത് ഉൾപ്പടെയുള്ള രണ്ട് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Most Read| കടലിലെ എല്ലാ യാത്രാ-വിനോദ പരിപാടികളും നിർത്തണം; ഖത്തർ





































