ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കവേ പ്രതികാര മുറവിളിയുമായി ജനങ്ങൾ. കറുപ്പണിഞ്ഞ് ഇറാൻ പതാക പുതച്ചെത്തിയ ജനക്കൂട്ടം ഖമനയിയുടെ ചിത്രം ഉയർത്തിപ്പിടിച്ച് മുറവിളി നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് എതിരെയുമാണ് കൊലവിളി ഉയരുന്നത്. ഇരുവരെയും കൊലപ്പെടുത്തണമെന്ന ആഹ്വാനവുമായി പ്ളക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയരുന്നുണ്ട്. ടെഹ്റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മുസല്ല പ്രാർഥനാ മന്ദിരത്തിലാണ് പൊതുദർശനം ഒരുക്കിയത്.
ലക്ഷക്കണക്കിന് ആളുകൾ രാത്രി മുഴുവൻ പള്ളിയിൽ തന്നെ തുടർന്നു. ഇറാന്റെ പതാകയും പ്രതികാരത്തിന്റെ അടയാളമായ ചുവന്ന പതാകകളും കൈയിലേന്തിയാണ് ആളുകൾ എത്തുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും അന്ത്യം എന്ന മുദ്രാവാക്യവും ഉയരുന്നുണ്ട്. ട്രംപിനെയും നെതന്യാഹുവിനെയും കൊലപ്പെടുത്തൂ എന്ന പോസ്‌റ്ററുകളും ഗ്രാൻഡ് മൊസല്ല പ്രാർഥനാ സമുച്ചയത്തിന് അരികിലായി പതിപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് സംസ്‌കാര ചടങ്ങുകൾക്ക് തുടക്കമായത്. ഖമനയിയുടെ മൃതദേഹത്തിനൊപ്പം തന്നെ നാല് കുടുംബാംഗങ്ങളുടെയും മൃതദേഹം പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. അതേസമയം, ഖമനയിയുടെ മകൻ മുജ്‌തബ ഖമനയി സുരക്ഷാ കാരണങ്ങളാൽ ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുന്നതായാണ് വിവരം.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































