മസ്കത്ത്: ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. അജ്ഞാത വസ്തു പതിച്ചു കപ്പലിന് തീപിടിച്ചതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ഒമാനിലെ ലിമയ്ക്ക് സമീപം തെക്കോട്ട് സഞ്ചരിക്കുകയായിരുന്നു കപ്പൽ.
ടാങ്കറിന്റെ ഇടത് വശത്താണ് വസ്തു പതിച്ചതെന്നും ഇതേത്തുടർന്നാണ് തീപിടിത്തം ഉണ്ടായതെന്നുമാണ് റിപ്പോർട്. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് അറിയിച്ച ഏജൻസി, ഈ പ്രദേശത്തിലൂടെ കടന്നുപോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. അധികൃതർ സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്.
ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാദ്ധ്യമമായ ആക്സിയോസ് റിപ്പോർട് ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം കുറഞ്ഞത് രണ്ട് മിസൈലുകൾ എങ്കിലും തൊടുത്തുവിട്ടതായും റിപ്പോർട്ടിൽ പറയുന്നു.
ഹോർമുസിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ഒരാഴ്ചത്തെ കരാറിന്റെ കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്. ഇറാന്റെ പരമോന്നത നേതാവായിരുന ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരവുമായി ബന്ധപ്പെട്ടായിരുന്നു ഈ താൽക്കാലിക വെടിനിർത്തൽ. വ്യാഴാഴ്ചയാണ് ഖമനയിയുടെ സംസ്കാരം.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































