മഴക്കാലം ആരംഭിച്ചതോടെ ചങ്ങനാശ്ശേരി പറാൽ പാടശേഖരത്ത് പിങ്ക് വിസ്‌മയത്തിന് തുടക്കമായി. കണ്ണെത്താ ദൂരത്തോളം വിരിഞ്ഞുനിൽക്കുന്ന പിങ്ക് നിറത്തിലുള്ള ആമ്പൽ പൂക്കളാണ് കണ്ണുകൾക്ക് കുളിർമയേകുന്നത്. പ്രകൃതിയുടെ അത്‌ഭുത മനോഹാരിത ആസ്വദിക്കാൻ നിരവധിപ്പേരാണ് ഇവിടെ എത്തിച്ചേരുന്നത്.
കോട്ടയം-ആലപ്പുഴ അതിർത്തിയിലെ പറാൽ പാടശേഖരത്താണ് ഈ പിങ്ക് വസന്തം. മഴവെള്ളം നിറഞ്ഞ പാടത്തിന് മുകളിൽ വിരിഞ്ഞുനിൽക്കുന്ന ആയിരക്കണക്കിന് ആമ്പൽപ്പൂക്കൾ സന്ദർശകർക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതോടെ കേരളത്തിൽ നിന്ന് മാത്രമല്ല, മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്.
ഫോട്ടോ എടുക്കാനും റീൽസ് ചിത്രീകരിക്കാനുമാണ് പലരും ഇവിടേക്ക് എത്തുന്നത്. ഏകദേശം 400 ഏക്കർ വിസ്‌തൃതിതിയുള്ള പാടശേഖരത്തിൽ 380 ഏക്കറോളം പ്രദേശം ഇപ്പോൾ ആമ്പൽപ്പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പാടശേഖരത്തിലൂടെ വള്ളസവാരിയും ഒരുക്കിയിട്ടുണ്ട്. മൂന്ന് മുതൽ പത്തുപേർക്ക് വരെ യാത്ര ചെയ്യാൻ കഴിയുന്ന എട്ട് വള്ളങ്ങളാണ് നിലവിലുള്ളത്.
ഒരാൾക്ക് 100 രൂപയാണ് നിരക്ക്. രാവിലെ ആറുമുതൽ പത്തുവരെയാണ് സന്ദർശകർക്കും വള്ളസവാരിക്കും അനുമതിയുള്ളത്. വാഴപ്പിള്ളി പഞ്ചായത്ത്, കടമ്പാടം ചേരിക്കളം പാടശേഖര സമിതി, പറാൽ വടക്കുംഭാഗം യുവജന കൂട്ടായ്‌മ എന്നിവരുടെ സംയുക്‌ത ആഭിമുഖ്യത്തിലാണ് ഇവിടെ വിനോദസഞ്ചാര സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം






































