ദേവാൻഷിന് അനസ്‌തേഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നു; ഡോക്‌ടർമാരെ ചോദ്യം ചെയ്യും

മരണകാരണം അനസ്‌തേഷ്യ നൽകിയത് തന്നെയാണോയെന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല. എന്നാൽ, അനസ്‌തേഷ്യ നൽകിയതിന് ശേഷം കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണം തടസപ്പെട്ടെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

By Senior Reporter, Malabar News
Medical Negligence Death
Rep. Image

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസാ പിഴവിനെ തുടർന്ന് മരിച്ച ഒന്നരവയസുകാരൻ ദേവാൻഷ് ശൗര്യക്ക് അനസ്‌തേഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്.

മരണകാരണം അനസ്‌തേഷ്യ നൽകിയത് തന്നെയാണോയെന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല. എന്നാൽ, അനസ്‌തേഷ്യ നൽകിയതിന് ശേഷം കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണം തടസപ്പെട്ടെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

ഓക്‌സിജൻ വിതരണവും രക്‌തപ്രവാഹവും നിലച്ചതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായെന്നാണ് ആശുപത്രി അധികൃതർ നേരത്തെ ബന്ധുക്കളോട് പറഞ്ഞത്. എത്ര അളവിലാണ് അനസ്‌തേഷ്യ നൽകിയത്, അനിവാര്യമായ നടപടിക്രമങ്ങൾ പാപിച്ചിരുന്നോ എന്നിവ അടിസ്‌ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ കൂടി പുറത്തുവരേണ്ടതുണ്ട്.

അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ചികിൽസാ പിഴവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മെഡിക്കൽ ബോർഡ് അന്വേഷണ സംഘത്തിന്റെ റിപ്പോർട് കൂടി പുറത്തുവന്നാൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്‌തത വരികയുള്ളൂ.

സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പയ്യന്നൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം തുടരുകയാണ്. ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാരെ ചോദ്യം ചെയ്യും. രണ്ടുദിവസത്തിനകം ഡോക്‌ടർമാർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്‌മെന്റിന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കുട്ടിക്ക് അനസ്‌തേഷ്യ നൽകിയ ഡോക്‌ടർക്ക് പുറമെ പീഡിയാട്രീഷ്യൻ, പ്‌ളാസ്‌റ്റിക് സർജൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇവരുടെ ഫോൺ സ്വിച്ച് ഓഫാണെന്ന് പോലീസ് പറയുന്നു. ബിഎംഎച്ച് ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്‌ടറായ അഞ്‌ജലി പൊതുവാളിനെതിരെ പോലീസ് നേരെത്തെ കേസെടുത്തിരുന്നു.

എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ്‌ ശൗര്യ ആണ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്റർ ചികിൽസയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് കളിക്കുന്നതിനിടെ വീണ് മുഖത്തും ചുണ്ടിലും മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്. ആദ്യം മാതമംഗലം ജനകീയ ആശുപത്രിയിൽ കൊണ്ടുപോവുകയും രണ്ട് സ്‌റ്റിച്ചിടണമെന്ന് പറഞ്ഞതിനെ തുടർന്ന് പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

ആദ്യം കുഞ്ഞിനെ ഇതേ ആശുപത്രിയിലെ തന്നെ പീഡിയാട്രീഷ്യനെയാണ് കാണിച്ചത്. എന്നാൽ, അതിനുശേഷം പ്‌ളാസ്‌റ്റിക് സർജനെ കാണിക്കുകയും കുഞ്ഞ് ബഹളം വെച്ചതിനാൽ സർജൻ അനസ്‌തേഷ്യ നൽകാൻ നിർദ്ദേശിക്കുകയും ആയിരുന്നു. അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മയങ്ങി വീഴുകയും കണ്ണ് മുകളിലേക്ക് ആവുകയും ചെയ്‌തുവെന്നാണ് കുടുംബം പറയുന്നത്.

കുഞ്ഞിനെ ഉടൻ തന്നെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തു. ഇതോടെ ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കുഞ്ഞിന് കൂടിയ അളവിൽ അനസ്‌തേഷ്യ നൽകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ, ചികിൽസാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE