തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു.
വിദ്യാർഥികൾക്ക് നേരെയുണ്ടായ ഡെൽഹി പോലീസിന്റെ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് കെഎസ്യു ഉൾപ്പടെയുള്ള വിദ്യാർഥി സംഘടനകളുടെ തീരുമാനം.
നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പടെ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡെൽഹിയിൽ സിജെപി നടത്തുന്ന പ്രതിഷേധ മാർച്ചിലാണ് യുവജനം ഒത്തുകൂടിയത്. മാർച്ച് പോലീസ് നേരിട്ടതോടെ സംഘർഷത്തിലേക്കും മർദ്ദനത്തിലേക്കും കടന്നിരുന്നു. നിരവധി വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത വിദ്യാർഥികളെ തെരുവിൽ മർദ്ദിച്ചതിനെതിരെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിന് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ അറിയിച്ചു.
മുഴുവൻ ക്യാമ്പസുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചും ക്ളാസുകൾ ബഹിഷ്കരിച്ചും വിദ്യാർഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്യു അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.
വിദ്യാർഥികളെ ക്രൂരമായി നേരിട്ട പോലീസ് നടപടിക്കെതിരെ എസ്എഫ്ഐയും 24ന് അഖിലേന്ത്യാ പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ലോക്ഭവൻ മാർച്ച് നടത്തും.
25ന് പോലീസുകാർക്ക് എസ്എഫ്ഐ പ്രവർത്തകർ ‘മെലഡി’ ചോക്ളേറ്റുകൾ വിതരണം ചെയ്യും. ഇതിനൊപ്പം പോലീസ് അതിക്രമങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ച് ജനങ്ങളിൽ നിന്ന് ഒപ്പുശേഖരണവും നടത്തും.
Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം





































