ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് പാറ്റകളുടെ പ്രതിഷേധം ആളിക്കത്തുന്നു. മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ ഒരുതരി പോലും പിന്നോട്ടില്ലെന്നാണ് സിജെപി പറയുന്നത്. വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് സിജെപി പ്രതിനിധികൾ വ്യക്‌തമാക്കി.
കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ജെപി നദ്ദ വീണ്ടും ചർച്ചയ്‌ക്കായി വസതിയിലേക്ക് വിളിച്ചെങ്കിലും പോകില്ലെന്ന് സിജെപി അറിയിച്ചിരുന്നു. കഴിഞ്ഞതവണ ചർച്ചയ്‌ക്ക് പോയപ്പോൾ പോലീസ് സമരക്കാരെ ആക്രമിച്ചു. അത് ആവർത്തിക്കാൻ അനുവദിക്കില്ല. ജന്തർ മന്തറിൽ വെച്ച് ചർച്ച നടത്താൻ കേന്ദ്രത്തിന് താൽപര്യമില്ലെങ്കിൽ കോൺസ്‌റ്റിറ്റ്യൂഷൻ ക്ളബ് പോലെയുള്ള നിഷ്‌പക്ഷ വേദിയിൽ ചർച്ചയാകാമെന്നും സിജെപി വക്‌താവ് സൗരവ് ദാസ് പറഞ്ഞിരുന്നു.
എന്നാൽ, കേന്ദ്രം ഇതിന് തയ്യാറായില്ല. അതേസമയം, സമരം താൽക്കാലികമായി നിർത്തിവെച്ച് സർക്കാരുമായി ചർച്ചയ്‌ക്ക് തയ്യാറാവണമെന്ന് നിരാഹാരം നടത്തുന്ന സോനം വാങ്‌ചുക്ക് പ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ആവശ്യത്തോട് യോജിക്കാത്ത കോക്രോച്ച് ജനത പാർട്ടി, മന്ത്രിയുടെ രാജിയടക്കം തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്നും ആവർത്തിച്ചു.
ജന്തർ മന്തറിൽ സിജെപി നടത്തുന്ന പ്രതിഷേധത്തിനൊപ്പം ചേർന്ന് 25 ദിവസമായി നിരാഹാരത്തിലാണ് വാങ്‌ചുക്ക്. പ്രതിഷേധക്കാരുടെ പേരിൽ കേസോ മറ്റു നിയമനടപടികളോ എടുക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയാൽ നിരാഹാരസമരം അവസാനിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഈ ആവശ്യം അംഗീകരിച്ചാൽ സമരം അവസാനിപ്പിച്ച് സർക്കാരുമായി ചർച്ച ആരംഭിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.
എന്നാൽ, ഈ നിലപാടിനെ സിജെപി പരോക്ഷമായി തള്ളി. വാങ്‌ചുക്കിന്റെ നിരാഹാര സമരവും വിദ്യാർഥികൾ നേരിട്ട ക്രൂരമായ അതിക്രമവും പാഴായിപ്പോകാൻ അനുവദിക്കില്ലെന്ന് സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്‌കെ പറഞ്ഞു. മന്ത്രിയുടെ രാജിയടക്കം നാല് ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം നിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധം കനത്ത സാഹചര്യത്തിൽ രാജ്യതലസ്‌ഥാനത്ത് സുരക്ഷ ശക്‌തമാക്കി. ജന്തർ മന്തറിലും പരിസരത്തും കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സമരം തുടരുന്നതിനാൽ സെൻട്രൽ ഡെൽഹിയിലെ 16 മെട്രോ സ്‌റ്റേഷനുകൾ ഇന്നും അടച്ചു. ഇന്നലെയും മെട്രോ സ്‌റ്റേഷനുകൾ അടച്ചിരുന്നു.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്


































