കീവ്: യുക്രൈനിലെ ചോർന്നൊമോസ്‌ക് തുറമുഖത്ത് ചരക്കുകപ്പലിൽ 13 ഇന്ത്യക്കാർ അടക്കം 15 നാവികർ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്. എംവി അമിർ1 എന്ന കപ്പലിലാണ് ജീവനക്കാർ കുടുങ്ങിയിരിക്കുന്നത്.
കരിങ്കടലിൽ തീരത്തെ യുക്രൈൻ തുറമുഖമായ ചോർന്നൊമോസ്‌കിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് ഇന്ത്യക്കാർ കപ്പലിൽ കുടുങ്ങിയത്. ഭീതിജനകവും ജീവൻ ഭീഷണിയുള്ളതുമായ സാഹചര്യത്തിലാണ് നാവികരുള്ളതെന്ന് നാവികരുടെ സംഘടനയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്‌എസ്‌യുഐ) പറഞ്ഞു.
ആവർത്തിച്ചുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ കപ്പലിന് സമീപം നടക്കുന്നുണ്ട്. ഏത് സമയത്തും ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് കപ്പലിലെ നാവികർ കഴിയുന്നതെന്നും ബന്ധപ്പെട്ട അധികൃതരും കപ്പൽ ഉടമകളും ഇന്ത്യൻ സർക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്നും എഫ്‌എസ്‌യുഐ എക്‌സിൽ പങ്കുവെച്ച പോസ്‌റ്റിൽ ആവശ്യപ്പെട്ടു.
അതേസമയം, ഇക്കാര്യം വിദേശകാര്യ മന്ത്രാലയമോ കപ്പൽ കമ്പനിയെ ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല. യുക്രൈനിന്റെ തെക്കൻ തീരങ്ങളിൽ കപ്പലുകൾക്ക് നേരെ സമാന ആക്രമണങ്ങൾ നേരത്തെയും നടന്നിരുന്നു. കഴിഞ്ഞ ആഴ്‌ച കരിങ്കടലിൽ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ യുക്രൈൻ അംബസഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്‌തിരുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































