ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ബിൽ ലോക്‌സഭയിൽ പാസായി. പരീക്ഷാ ക്രമക്കേടിൽ കർശന ശിക്ഷയും പിഴയും വ്യവസ്‌ഥ ചെയ്യുന്ന ബില്ല് ശബ്‌ദവോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പൊതുപരീക്ഷാ നിയമഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചത്.
മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്ക് ശേഷമാണ് ബില്ലിന് അംഗീകാരം നൽകിയത്. ബില്ലിൻമേലുള്ള ചർച്ചയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ശക്‌തമായ വാക്‌പോരാണ് സഭയിൽ നടന്നത്. സർക്കാർ കൊണ്ടുവന്ന ബില്ലിന് പിന്തുണ നൽകാൻ തീരുമാനിച്ച പ്രതിപക്ഷം ഡെൽഹിയിലെ വിദ്യാർഥി സമരത്തെ നേരിട്ട കേന്ദ്ര നടപടി സഭയിൽ ചോദ്യം ചെയ്‌തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ചാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സംസാരിച്ചത്. അമിത് ഷാ സംഭവത്തിൽ മറുപടി പറയണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തിയത്. തുടർന്നുണ്ടായ ബഹളത്തിൽ പലവട്ടം സഭ നിർത്തിവെച്ചെങ്കിലും ഉച്ചയ്‌ക്ക് ശേഷം ബില്ലിലെ ഭേദഗതികൾ വോട്ടിനിടാൻ തീരുമാനിക്കുകയായിരുന്നു.
അന്യായമാർഗങ്ങൾ സംബന്ധിച്ച കുറ്റത്തിന് നിലവിൽ മൂന്നുമുതൽ അഞ്ചുവർഷംവരെയാണ് തടവുശിക്ഷ, പൊതുപരീക്ഷാ (അന്യായ മാർഗങ്ങളുടെ തടയൽ) ഭേദഗതി ബിൽ പ്രകാരം, ഇത് അഞ്ചുവർഷം മുതൽ പത്തുവർഷം വരെയായി ഉയർത്തും.
പിഴ പത്തുലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയാക്കും. പരീക്ഷാ നടത്തിപ്പിന്റെ സേവനദാതാക്കൾ നടത്തുന്ന ഗുരുതര ക്രമക്കേടുകൾക്കുള്ള പിഴ ഒരുകോടി രൂപയിൽ നിന്ന് അഞ്ചുകോടി രൂപയാക്കും. ഇത്തരം സ്‌ഥാപനങ്ങൾക്ക് പൊതുപരീക്ഷകളുടെ ചുമതലയിൽ നിന്നുള്ള വിലക്കിന്റെ കാലാവധി നാലിൽ നിന്ന് എട്ടുവർഷമായി ഉയർത്തും. അന്വേഷണം രണ്ടുമാസത്തിനകം പൂർത്തിയാക്കണം.
പരീക്ഷാ ക്രമക്കേടുകൾ നടത്തുന്നവർക്ക് നിലവിലെ മൂന്നുവർഷത്തെ തടവ് അഞ്ചുവർഷമായും ഒരുകോടി രൂപ പിഴ അഞ്ചുകോടി രൂപയായും ഉയർത്തും. സംഘടിത കുറ്റകൃത്യങ്ങൾക്ക് പരമാവധി തടവ് അഞ്ചുവർഷത്തിൽ നിന്ന് ഏഴുവർഷമായും പിഴ ഒരുകോടിയിൽ നിന്ന് പത്തുകോടിയായും ഉയർത്തും.
Most Read| വാനോളം ഉയരത്തിൽ; ഏഷ്യൻ ബാഡ്‌മിന്റൺ ടീമിൽ ഇടംനേടി പ്രവാസി മലയാളി പെൺകുട്ടി





































