ബെംഗളൂരു: കാവേരി നദീജല തർക്കം രൂക്ഷമായി. തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ) നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്‌റ്റ് 13ന് കന്നഡ അനുകൂല സംഘടനകൾ സംസ്‌ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്‌തു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്.
കർണാടകയിൽ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കാവേരി വെള്ളം തമിഴ്‌നാടിന് വിട്ടുനൽകുന്നതിൽ സംഘടനകൾ കടുത്ത എതിർപ്പിലാണ്. ഈ തീരുമാനം സംസ്‌ഥാനത്തുടനീളമുള്ള കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നാണ് അവർ പറയുന്നത്.
കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചർച്ച നടത്തുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ബെംഗളൂരുവിൽ സന്ദർശനം നടത്താൻ ആലോചിക്കുന്നുണ്ട്. അതേസമയം, സന്ദർശനത്തിൽ പ്രതിഷേധിച്ച് ഓഗസ്‌റ്റ് മൂന്നിന് വിമാനത്താവളം ആക്രമിക്കുമെന്ന് കന്നഡ സംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ട്. കർണാടക സർക്കാർ ഓഗസ്‌റ്റ് രണ്ടിന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, കാവേരി നദീജല തർക്കം രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിൽ വിജയ്‌യുടെ ‘ജനനായകൻ’ പ്രദർശിപ്പിക്കുന്നത് നിർത്തിവെച്ചു. 150 തിയേറ്ററുകളിലായാണ് ചിത്രം പ്രദർശിപ്പിച്ചിരുന്നത്. കന്നഡ അനുകൂല സംഘടനകളും കർഷകരും പ്രതിഷേധം കടുപ്പിച്ചതോടെയാണ് മുൻകരുതൽ നടപടിയായി തിയേറ്ററുകൾ ഷോകൾ റദ്ദാക്കാൻ നിർബന്ധിതരായത്.
അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ പല തിയേറ്ററുകളിൽ നിന്നും ചിത്രത്തിന്റെ പോസ്‌റ്ററുകൾ മാറ്റുകയും മറ്റു സിനിമകളുടെ പോസ്‌റ്ററുകൾകൊണ്ട് മറയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ചിലയിടങ്ങളിൽ കന്നഡ അനുകൂല പ്രവർത്തകർ തിയേറ്ററുകൾക്ക് മുന്നിൽ പ്രതിഷേധിക്കുകയും പോസ്‌റ്ററുകൾ നശിപ്പിക്കുകയും ചെയ്‌തു.
എച്ച്. വിനോദ് സംവിധാനം ചെയ്‌ത ‘ജനനായകൻ’ ഇതുവരെ ആഗോളതലത്തിൽ 260 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. ബെംഗളൂരു ഉൾപ്പടെയുള്ള കർണാടകയിലെ പ്രമുഖ കേന്ദ്രങ്ങൾ ചിത്രത്തിന്റെ പ്രധാന ബോക്‌സ് ഓഫീസ് വിപണിയായിരുന്നു. ഇവിടങ്ങളിൽ ഷോകൾ റദ്ദാക്കിയതോടെ കളക്ഷൻ റെക്കോർഡ് ഇടിയുമെന്ന് ഉറപ്പായി.
Most Read| മൂന്നുപതിറ്റാണ്ട് നീണ്ട പൗണ്ട് കീപ്പർ ജോലി; അവസാന ജീവനക്കാരിയും പടിയിറങ്ങി




































