കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച റപ്പലിങ് ഇൻസ്ട്രക്ടർ ആർ. രാജേഷിന്റെ ഭൗതികദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ നടപടി. പയ്യന്നൂർ തഹസിൽദാർ കെപി. പോളിനെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി എപി. അനിൽകുമാർ നിർദ്ദേശം നൽകി.
ജില്ലാ കലക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. എംബാം ചെയ്യാതെയും മതിയായ സൗകര്യം ഇല്ലാതെയുമാണ് മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ആംബുലൻസ് ഡ്രൈവർമാരായ മുഹമ്മദ് നിയാസും മുഹമ്മദ് തൻവീറുമാണ് അനാസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്.
വെള്ളത്തിൽ വീണുമരിച്ചതിനാൽ ശരീരം വീർത്ത അവസ്ഥയിൽ ആയിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മൃതദേഹം എംബാം ചെയ്യുകയോ ഫ്രീസർ ഉപയോഗിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ, യാതൊരു മുൻകരുതലും ഇല്ലാതെയാണ് മൃതദേഹം കൊണ്ടുപോയത്. തൃശൂർ ചാവക്കാട് എത്തിയപ്പോഴാണ് ആംബുലൻസിലെ വീഴ്ച തിരിച്ചറിഞ്ഞത്.
ഇതോടെ ചാവക്കാട് വെച്ച് ഫ്രീസറുള്ള മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് മുന്നിലുള്ള മറ്റു ആംബുലൻസ് ഡ്രൈവർമാരുടെ സഹായത്തോടെയാണ് ഫ്രീസർ വാഹനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ചെറുപുഴ പോലീസ് എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് കണ്ണൂർ കലക്ടർ പി. വിഷ്ണുരാജ് റവന്യൂ മന്ത്രിക്ക് റിപ്പോർട് നൽകിയത്. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകേണ്ടി വന്നതിൽ പയ്യന്നൂർ തഹസിൽദാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു റിപ്പോർട്.
ചെറുപുഴ മീൻതുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ആയിരുന്നു തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ ആർ. രാജേഷ് (36) മരിച്ചത്. മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപ്പോയ ആളെ രക്ഷിച്ചു വരുന്നതിനിടെയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. ഈമാസം ഒന്നിനായിരുന്നു സംഭവം. തിരച്ചിലിനൊടുവിൽ നാലാം തീയതിയാണ് മൃതദേഹം കണ്ടെത്തിയത്.
Most Read| 97ഒക്കെ ഒരു പ്രായമാണോ! വിങ് വാക്കറിൽ റെക്കോർഡ് നേടി ബെറ്റി ബ്രോമേജ്




































