ന്യൂയോർക്ക്: ഹോർമുസിൽ അവകാശവാദങ്ങൾ തുടർന്ന് അമേരിക്കയും ഇറാനും. ഹോർമുസ് കടലിടുക്കിനെ ഉടൻ തന്നെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയായി ഇറാൻ രംഗത്തെത്തി.
ഒരു ട്വീറ്റ് പങ്കുവെച്ചാലോ ഉത്തരവ് ഇറക്കിയാലോ തിരഞ്ഞെടുപ്പ് പ്രസംഗം നടത്തിയാലോ ട്രംപിന് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ കഴിയില്ലെന്ന് ഇറാനിയൻ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് ഇറാന്റേതായിരുന്നു, ഇപ്പോഴും ഇറാന്റേതാണ്, അത് എന്നെന്നും ഇറാന്റേതായി തന്നെ തുടരുമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
അമേരിക്കയുടെ ഭീഷണികളെ ഇറാൻ ഭയപ്പെടുന്നില്ലെന്നും തങ്ങളുടെ ഇഷ്ടാനുസരണം മാത്രമേ കടലിടുക്ക് അടയ്ക്കാനോ തുറക്കാനോ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക പരാജയം സമ്മതിക്കുന്നത് വരെ ഈ ഉപരോധം തുടരാനാണ് ഇറാന്റെ തീരുമാനമെന്നും ഗരീബാബാദി വ്യക്തമാക്കി.
വെള്ളിയാഴ്ച ന്യൂയോർക്കിലെ നാസൗ കൗണ്ടിയിൽ നടന്ന രാഷ്ട്രീയ റാലിയിലാണ് ഹോർമുസിനെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞത്. ഇറാനെതിരെയുള്ള യുദ്ധത്തിൽ യുഎസ് വിജയിച്ചു കൊണ്ടിരിക്കുകയാണെന്നും വൈകാതെ തന്നെ ഹോർമുസ് അമേരിക്കയുടെ അധീനതയിലുള്ള പ്രദേശമായി പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിന് മേൽ നിലവിൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്നും അവിടുത്തെ നാവിക ഉപരോധം ഒരു ‘ഉരുക്ക് മതിൽ’ പോലെയാണെന്നും ട്രംപ് വാദിച്ചിരുന്നു. യുഎസിന്റെ അനുവാദമില്ലാതെ ഒരു കപ്പലിനും ഹോർമുസ് കടക്കാനാവില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അതീവ ദുഷ്കരമായി തുടരുന്നതിനിടെ കപ്പലുകൾക്ക് നേരെയും ആക്രമണം ഉണ്ടാകുന്നുണ്ട്.
Most Read| പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടത് സാങ്കേതിക പിഴവ് മൂലം, ആരും നിർദ്ദേശിച്ചില്ല; മെറ്റ





































