മാസപ്പടിക്കേസ്; വീണയുടെ ഇടപാടുകളിൽ ദുരൂഹത, മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്‌തേക്കും

റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകൾ അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണോ എന്നാണ് ഇഡിക്ക് അറിയേണ്ടത്.

By Senior Reporter, Malabar News
PA Muhammed Riyas
മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രിയും ടി. വീണയുടെ ഭർത്താവുമായി ബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തേക്കുമെന്ന് വിവരം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിലിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.

ടി. വീണയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം. അന്വേഷണത്തിന്റെ രണ്ടാംഘട്ടമെന്നോണം റിയാസുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലും ഇഡി കഴിഞ്ഞദിവസം റെയ്‌ഡ്‌ നടത്തിയിരുന്നു.

ഇഡി അസിസ്‌റ്റന്റ്‌ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇന്നലെ രാവിലെ കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ഡെസ്‌റ്റിനേഷൻ കോ-ഓർഡിനേറ്റർ ആയിരുന്ന നന്ദുലാലിന്റെ കോഴിക്കോട് ഈസ്‌റ്റ് ഹില്ലിലുള്ള വീട്ടിലെത്തിയത്. ടി. വീണയുടെ ഭർത്താവ് പിഎ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് കൂടിയാണ് നന്ദുലാൽ. കോഴിക്കോട്ടെ ജെജെ റിട്രീറ്റ്‌ എന്ന അപ്പാർട്ട്മെന്റിലും റെയ്‌ഡ്‌ നടക്കുന്നതായാണ് വിവരം.

ഡിവൈഎഫ്ഐ നേതാവ് നിഖിലിന്റെ വീട്ടിലും വീണയ്‌ക്ക്‌ നിക്ഷേപമുള്ള കോഴിക്കോട്ടെ ഒരു കമ്പനിയിലും ഇഡി ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ലേക്കർ ഇന്ത്യ കോർപ് എന്ന കമ്പനിയിലാണ് ഇത്തരത്തിൽ തിരച്ചിൽ നടത്തുന്നത്. വീണ താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ മെയിൽ ചുവന്ന കവറുള്ള ഡയറി ഇഡി സംഘം പിടിച്ചെടുത്തിരുന്നു.

നിഖിൽ, വാരിസ്, ഷൈജൽ, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് എക്‌സാലോജിക്ക് കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് പണം കൈമാറിയതായി ഡയറിയിൽ ഉണ്ടായിരുന്നു. വീണയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഇവർ നാലുപേരും റിയാസിന്റെ സുഹൃത്തുക്കളാണെന്ന് വ്യക്‌തമായത്. തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് പണം കൈമാറിയതെന്നും വീണ പറഞ്ഞിരുന്നു.

റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകൾ അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണോ എന്നും ഇഡിക്ക് അറിയേണ്ടതുണ്ട്. ഇവരുടെ വീടുകളിലും ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. അതേസമയം, ഇഡി റെയ്‌ഡിനെ രാഷ്‌ട്രീയമായി നേരിടാനാണ് സിപിഎം നീക്കം. മുഹമ്മദ് റിയാസിനെ കുടുക്കാനാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും വീടുകളിൽ പരിശോധന നടത്തിയത് എന്നാണ് സിപിഎമ്മിന്റെ ആരോപണം.

Most Read| ‘ഇറാനുമായി ചർച്ചകളോ ആശയവിനിമയമോ നടക്കുന്നില്ല; ഹോർമുസ് തുറന്നുകിടക്കുന്നു’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE