തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെആർ അജയൻ രാജിവെച്ചു. വാരാന്തപ്പതിപ്പിലെ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടുള്ള ലേഖനം വിവാദമായതിന് പിന്നാലെയാണ് രാജി.
വിഎസ് അച്യുതാനന്ദന്റെ അനുസ്‍മരണ ഫീച്ചറുള്ള വാരാന്തപ്പതിപ്പിൽ തിരുവനന്തപുരത്തെ ഒരു നാടക ഗ്രാമവുമായി ബന്ധപ്പെട്ട ലേഖനവും ഉണ്ടായിരുന്നു. ഈ ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന് തലക്കെട്ട് നൽകിയതാണ് വിവാദത്തിനിടയാക്കിയത്. ഈ തലക്കെട്ട് ഉള്ളതുകൊണ്ട് ലേഖനം പുറത്തിറക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.
ഇതോടെ ഞായറാഴ്‌ച പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പ് തിങ്കളാഴ്‌ചത്തേക്ക് മാറ്റിവെക്കുകയും ചെയ്‌തു. ലേഖനം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന്റെ ചുമതലയുണ്ടായിരുന്ന കെആർ അജയൻ അതിന് തയ്യാറായില്ലെന്നാണ് മാനേജ്മെന്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. വിഷയത്തിൽ അജയനോട് വിശദീകരണം ചോദിച്ചിരുന്നു.
എന്നാൽ, വിശദീകരണം തൃപ്‌തികരമല്ലായിരുന്നു എന്നാണ് പാർട്ടി നേതൃത്വത്തിന്റെ വാദം. ലേഖനം വിവാദമായതോടെ നേരത്തെ തന്നെ രാജിവയ്‌ക്കാനോ അവധിയിൽ പോകാനോ അജയന് നിർദ്ദേശം നൽകിയിരുന്നു. മാനേജ്മെന്റ് നിർദ്ദേശം വന്ന് മൂന്നാഴ്‌ച പിന്നിടുമ്പോഴാണ് രാജി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































