കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലാണ് മണ്ണിടിഞ്ഞത്.
രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഇതുവഴി കടന്നുപോയ വാഹനങ്ങൾ തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. സ്ഥലത്ത് കല്ലും മണ്ണും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂരിലേക്കും വയനാട്ടിലേക്കുമുള്ള യാത്രക്കാർ തലശ്ശേരി- ബാവലി സംസ്ഥാനാന്തര പാത ഉപയോഗിക്കണം.
എളയാവൂരിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. രാവിലെ ആറുമണിയോടെയാണ് സംഭവം. വീടുകളോട് ചേർന്നുള്ള ഭാഗത്തായാണ് മണ്ണിടിഞ്ഞത്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു.
മന്ത്രി സണ്ണി ജോസഫും കലക്ടർ പി വിഷ്ണുരാജും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കനത്ത മഴയിൽ ചെറുപുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയർന്നു. കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. കർണാടക വനത്തിൽ ഉരുൾപൊട്ടിയതായാണ് സംശയം.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ


































