തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗവും ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിൽ അറസ്റ്റിൽ. പുലർച്ചെയാണ് ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ വൈകീട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. ചേന്തിയിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ സമ്മേളനത്തിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം അനിലിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. ചേന്തിയിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പറഞ്ഞ് ഇവർ ഫ്ളക്സ് ബോർഡുകൾ വെച്ച് പ്രചാരണം നടത്തിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഷെഡ്യൂളിൽ ഈ പരിപാടി ഉണ്ടായിരുന്നില്ല. വഴിമധ്യേ കാർ തടഞ്ഞുനിർത്തി മോശമായി പെരുമാറിയതോടെ മുഖ്യമന്ത്രി വാഹനത്തിൽ നിന്നിറങ്ങുകയും പ്രവർത്തകരോട് രോഷാകുലനാവുകയും ചെയ്തു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് പ്രവർത്തകരെ മാറ്റുകയായിരുന്നു.
സ്ഥലത്ത് ഉണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനിലിനെ അറസ്റ്റ് ചെയ്തത്. അന്യായമായി തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് അനിലിനെതിരെ ചുമത്തിയത്. അതേസമയം, അനിലിനെതിരെ സംഘടനാ നടപടികളും ഉണ്ടാകും.
ഡിസിസി നേതൃത്വവുമായി ആലോചിച്ച് നടപടി സ്വീകരിക്കാനാണ് കെപിസിസിയുടെ തീരുമാനം. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറിയത് ശരിയായ രീതിയല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനിടെ, അറസ്റ്റ് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്ന് ചേന്തി അനിൽ പ്രതികരിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































