മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയുമായി കേരള പോലീസ്. പത്തുകോടിയോളം വിലവരുന്ന 12.800 കിലോഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ കോയമ്പത്തൂരിൽ വെച്ച് അറസ്റ്റിലായി. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപ്പന സംഘത്തിലെ മൂന്നുപേരാണ് മഞ്ചേരി പോലീസിന്റെ പിടിയിലായത്.
മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ആഴ്ചകൾക്ക് മുൻപ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ 100 ഗ്രാമോളം എംഡിഎംഎയുമായി ആറുപേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളായ മൂവരെ കുറിച്ചുള്ള സൂചന ലഭിച്ചത്.
തുടരന്വേഷണത്തിൽ കേരള, തമിഴ്നാട് സംസ്ഥാനങ്ങൾ ലക്ഷ്യംവെച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന് വ്യക്തമായി. ആഡംബര വാഹനങ്ങളിൽ രഹസ്യ അറകളുണ്ടാക്കുകയും അതിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയും ചെയ്യുകയാണ് രീതി.
സംഘത്തിന്റെ ഇടത്താവളം തമിഴ്നാട്ടിലെ കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ എന്നിവിടങ്ങളിലാണെന്ന് മനസിലാക്കിയ മഞ്ചേരി പോലീസ് നടത്തിയ പഴുതടച്ച പരിശോധനയിലാണ് പ്രതികൾ കോയമ്പത്തൂർ ടൗണിന് സമീപം വെച്ച് പിടിയിലാകുന്നത്. 100 ഗ്രാം മുതൽ 500 ഗ്രാം അടങ്ങുന്ന കവറുകളിലാക്കി കാറിന്റെ ഡോർ പാടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇവരിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തത്.
സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 10,600 പേർ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 10,600 അറസ്റ്റ് ചെയ്തതായി ഐജി പുട്ടാ വിമലാദിത്യ. പരിശോധനകളിൽ ആകെ 21 കിലോ എംഡിഎംഎയും 1100 കിലോ കഞ്ചാവും 4.5 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. തൃശൂർ റേഞ്ചിൽ മാത്രം ഇതുവരെ 2417 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡിഐജി നാരായണൻ അറിയിച്ചു. ലഹരി മാഫിയക്കെതിരായ അന്വേഷണം ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി






































